ധാക്ക: ശക്തമായ മഴയ്‌ക്ക് പിന്നാലെ വെള്ളപ്പൊക്കത്തിൽ മുങ്ങി തെക്കു കിഴക്കൻ ബംഗ്ലാദേശ്. മൂന്ന് ലക്ഷത്തിലേറെ പേരെ ബാധിച്ചു. നിരവധി വീടുകൾ വെള്ളത്തിനടിയിലായി. ത്രിപുര അടക്കം ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിലും മഴ തുടരുന്നുണ്ട്. അതിർത്തിയുടെ ഇരു ഭാഗങ്ങളിലെയും നദികളിലെ ജനനിരപ്പ് അപകടകരമാംവിധം ഉയർന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ത്രിപുരയിലും ബംഗ്ലാദേശിലെ കിഴക്കൻ ജില്ലകളിലും 200 മില്ലിമീറ്ററോളം മഴയാണുണ്ടായത്. ബംഗ്ലാദേശിൽ ഗോമതി അടക്കം 11 നദികളിലെ ജലനിരപ്പ് ഉയർന്നു. ചട്ടോഗ്രാമിലെ ഫെനി ജില്ലയിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തുണ്ട്. 25,000 പേരെ ക്യാമ്പുകളിലേക്ക് മാറ്റി.
അതേസമയം, വെള്ളപ്പൊക്കത്തിന് കാരണം ത്രിപുരയിലെ ഡംബൂര റിസർവോയറിന്റെ സ്ലൂയിസ് ഗേറ്റ് തുറന്നതാണെന്ന തരത്തിൽ ബംഗ്ലാദേശിൽ വാർത്ത പ്രചരിക്കുന്നതിനെതിരെ ഇന്ത്യ രംഗത്തെത്തി. ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ഇക്കൊല്ലം രേഖപ്പെടുത്തിയ ശക്തമായ മഴയാണ് ഏതാനും ദിവസങ്ങളായി മേഖലയിലുണ്ടായതെന്ന് ഇന്ത്യ വ്യക്തമാക്കി.
റിസർവോയറിലെ വെള്ളം ഗോമതി നദിയിലൂടെ ഇന്ത്യ രാത്രി ഒഴുക്കി വിട്ടെന്നും ഇതുമൂലം ബംഗ്ലദേശിലെ കോമില്ല നഗരം മുങ്ങിയെന്നുമാണ് ആരോപണം. വരുന്ന മൂന്ന് ദിവസം കിഴക്കൻ ബംഗ്ലാദേശിൽ 150 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.