bank
പ്രതീകാത്മക ചിത്രം

കൊച്ചി: വിവിധ സേവനങ്ങളുടെ പേരില്‍ ബാങ്കുകള്‍ അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കുന്നത് പതിവാണ്. മുന്നറിയിപ്പ് നല്‍കിയും നല്‍കാതെയും ഇക്കാര്യം പതിവായി നടക്കാറുണ്ട്. വാര്‍ഷിക ചാര്‍ജ്,ഡെബിറ്റ് കാര്‍ഡ് യൂസേജ് ഫീ എന്നിങ്ങനെ വിവിധ പേരുകള്‍ നല്‍കിയാണ് നിരക്ക് ഈടാക്കല്‍. ഇന്നത്തെ കാലത്ത് പണമിടപാട് മുഴുവന്‍ നടക്കുന്നത് ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ വഴിയാണ്. ഒരു ബാങ്ക് അക്കൗണ്ടില്ലാത്ത ആളുകളില്ല എന്നതില്‍ നിന്ന് ഒന്നിലധികം അക്കൗണ്ടുകളുടെ ഉടമകളാണ് നമ്മളെല്ലാവരും എന്നതാണ് സ്ഥിതി.

എന്നാല്‍ ബാങ്ക് അക്കൗണ്ട് കാലങ്ങളായി ഉപയോഗിക്കുമ്പോളും ചില കാര്യങ്ങളിലെ അടിസ്ഥാനപരമായ ധാരണാ പിശക് അദ്ധ്വാനിച്ചുണ്ടാക്കിയ പണം വെറുതേ പോകുന്നതിന് കാരണമാകും. സേവിംഗ്‌സ് അക്കൗണ്ടുകളുടെ ഉടമകള്‍ക്ക് ഏറ്റവും വലിയ അബദ്ധം സംഭവിക്കുന്നത് തങ്ങളുടെ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ വീഴ്ച സംഭവിക്കുമ്പോഴാണ്. വിവിധ ബാങ്കുകള്‍ മിനിമം ബാലന്‍സ് ഇനത്തില്‍ നിശ്ചയിച്ചിട്ടുള്ള തുക അക്കൗണ്ടില്‍ ഇല്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും.

പിഴ ഈടാക്കുമെന്ന് അറിയാമെങ്കിലും മിനിമം ബാലന്‍സിന്റെ കാര്യത്തില്‍ പലപ്പോഴും സാധാരണക്കാര്‍ വീഴ്ച വരുത്താറുണ്ട്. ചിലര്‍ക്കെങ്കിലും തങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട മിനിമം ബാലന്‍സ് സംബന്ധിച്ച് ധാരണക്കുറവുണ്ട്. നിങ്ങളുടെ അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട ഏറ്റവും കുറഞ്ഞ തുകയായ മിനിമം ബാലന്‍സ് പല ബാങ്കുകള്‍ക്കും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് എസ്ബിഐയുടെ മിനിമം ബാലന്‍സ് ആയിരിക്കില്ല എച്ച് ഡിഎഫ്‌സിക്ക്, ഇത് രണ്ടും ആയിരിക്കില്ല മൂന്നാമതൊരു ബാങ്കിന്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ കാര്യമെടുത്താല്‍ അക്കൗണ്ട് ഏത് ബ്രാഞ്ചിലാണോ അത് സ്ഥിതി ചെയ്യുന്ന ഭൂപ്രദേശത്തെ അടിസ്ഥാനപ്പെടുത്തി പോലും മിനിമം ബാലന്‍സ് വ്യത്യാസപ്പെടും. 2020 മാര്‍ച്ചില്‍, മിനിമം ബാലന്‍സ് നിബന്ധന എസ്ബിഐ നിര്‍ത്തലാക്കിയിട്ടുണ്ട്. മുന്‍പ് സ്ബിഐ അക്കൗണ്ട് ഉടമകള്‍ അവരുടെ ബ്രാഞ്ച് മെട്രോ ഏരിയയിലോ അര്‍ദ്ധ നഗര പ്രദേശങ്ങളിലോ ഗ്രാമത്തിലോ ആണോ എന്നതിനെ ആശ്രയിച്ച് ശരാശരി 3,000 രൂപയോ 2000 രൂപയോ 1000 രൂപയോ അവരുടെ അക്കൗണ്ടില്‍ സൂക്ഷിക്കണം.

എച്ച്ഡിഎഫ്‌സിയിലേക്ക് വന്നാല്‍ നഗരത്തിലുള്ള ബ്രാഞ്ചുകളില്‍ 10000 രൂപ മിനിമം ബാലന്‍സ് ആയി നിലനിര്‍ത്തണം. അല്ലെങ്കില്‍ കുറഞ്ഞത് ഒരു വര്‍ഷവും ഒരു ദിവസവും കാലാവധിയുള്ള ഒരു ലക്ഷം രൂപ സ്ഥിരനിക്ഷേപം ഉണ്ടായിരിക്കണം. അര്‍ദ്ധ-നഗര ബ്രാഞ്ചുകള്‍ ശരാശരി ത്രൈമാസ ബാലന്‍സ് 5000 രൂപ നിലനിര്‍ത്തണം. മിനിമം തുക ഇല്ലെങ്കില്‍ പിഴയായി എത്രയാണോ കുറവ് അതിന്റെ 6 ശതമാനം അല്ലെങ്കില്‍ 600 രൂപ, ഏതാണോ കുറവ് അത് പിഴയായി നല്‍കണം. ഇത്തരത്തില്‍ വിവിധ ബാങ്കുകളുടെ ബ്രാഞ്ചില്‍ അന്വേഷിച്ചാല്‍ മിനിമം ബാലന്‍സ് സംബന്ധിച്ച വിവരം ലഭ്യമാകും.