ടെൽ അവീവ്: ഗാസയിൽ വെടിനിറുത്തൽ കരാർ എത്രയും വേഗം നടപ്പാക്കേണ്ടതുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഹമാസുമായുള്ള കരാറിൽ ധാരണയിലെത്തണമെന്നും ഇതിനുള്ള തടസങ്ങൾ നീക്കേണ്ടത് അനിവാര്യമാണെന്നും ബൈഡൻ ഫോൺ സംഭാഷണത്തിനിടെ വ്യക്തമാക്കി. മേഖലയിലെ ഭീഷണികൾക്കെതിരെ ഇസ്രയേലിനെ സഹായിക്കാൻ യു.എസ് പ്രതിജ്ഞാബന്ധമാണെന്നും കൂട്ടിച്ചേർത്തു.
വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനുമായി അടുത്തിടെ യു.എസ് മുന്നോട്ടുവച്ച നിർദ്ദേശം ഇസ്രയേൽ അംഗീകരിച്ചിരുന്നു. എതിർപ്പ് അറിയിച്ച ഹമാസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ശുഭസൂചനയില്ല. ഇന്നലെ മാത്രം ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 20ലേറെ പേർ കൊല്ലപ്പെട്ടു. ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 40,260 കടന്നു.