crowd

മുംബയ്: രാജ്യത്തെ ചില്ലറ വ്യാപാര മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും അധികം തൊഴിലവസരങ്ങള്‍ ലഭിച്ചിരുന്ന മേഖലയാണ് ഇപ്പോള്‍ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ കണക്ക് പരിശോധിച്ചാല്‍ 26,000ല്‍പ്പരം തൊഴിലവസരങ്ങള്‍ കുറഞ്ഞുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. രാജ്യത്തെ മൊത്തം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ രണ്ടാമതുള്ളത് ചില്ലറ വ്യാപാര മേഖലയാണ്. ഈ മേഖലയിലെ ചില വിഭാഗങ്ങളിലാണ് വലിയ പ്രതിസന്ധി നേരിടുന്നത്.

രാജ്യത്തെ വന്‍കിട കമ്പനികളുടെ ചില്ലറ വ്യാപാര മേഖലയില്‍ 50,000ന് മുകളില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ വന്‍കിട കമ്പനികളുടെ മൊത്തം തൊഴിലാളികളുടെ 17 ശതമാനത്തിന് അടുത്ത് വരും ഈ കണക്കുകള്‍. റിലയന്‍സ് റീട്ടെയില്‍, ടൈറ്റന്‍, റെയ്മണ്ട്, പേജ് ഇന്‍ഡസ്ട്രീസ്, സ്‌പെന്‍സേഴ്‌സ് എന്നീ വന്‍കിട കമ്പനികളില്‍ 4.55 ലക്ഷം പേര്‍ ജോലി ചെയ്തിരുന്നത് 4.29 ലക്ഷമായി ചുരുങ്ങിയിരിക്കുകയാണെന്നത് പ്രതിസന്ധിയുടെ ആക്കം വ്യക്തമാക്കുന്നു.

2022 മുതല്‍ രാജ്യത്ത് ചില്ലറ വ്യാപാര മേഖലയിലെ ചില വിഭാഗങ്ങളില്‍ വില്‍പന കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്. നിത്യോപയോഗത്തിന് അത്യാവശ്യമല്ലാത്ത പല ഉത്പന്നങ്ങളിലും ആളുകള്‍ പണം മുടക്കുന്നത് കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലകളിലേക്ക് കൂടുതല്‍ പുതിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കാത്തതും തൊഴിലവസരങ്ങള്‍ കുറയുന്നതിന് കാരണമാകുന്നു. വരും വര്‍ഷങ്ങളില്‍ പ്രതിസന്ധി കൂടുതല്‍ വ്യാപിക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.