ന്യൂഡൽഹി : മാനഭംഗക്കേസുകളിലെ ഇരകൾക്ക് നീതി ഉറപ്പാക്കാൻ അതിശക്തമായ കേന്ദ്രനിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. അതിവേഗ വിചാരണക്കോടതികൾ രൂപീകരിക്കണം. സംഭവം നടന്ന് 15 ദിവസത്തിനകം വിചാരണ പൂർത്തിയാക്കണം. രാജ്യത്ത് ഓരോ ദിവസവും 90ൽപ്പരം ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്ന് കത്തിൽ കണക്കുകൾ നിരത്തി മമത വ്യക്തമാക്കുന്നു.
ഇത് സമൂഹത്തിന്റെയും രാജ്യത്തിന്റെയും ആത്മവിശ്വാസം, മന:സാക്ഷി എന്നിവയെ ഉലയ്ക്കുന്നതാണ്. സ്ത്രീകൾക്ക് സുരക്ഷിതത്വബോധമുണ്ടാകാൻ അതിക്രമങ്ങൾ അവസാനിപ്പിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. കൊൽക്കത്തയിൽ പി.ജി. ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് മമതയുടെ കത്ത്. കുറ്റവാളികളെ സംരക്ഷിക്കുന്ന മമതയുടെ ഇരട്ടത്താപ്പാണിതെന്ന് ബി.ജെ.പി വിമർശിച്ചു.