ന്യൂയോർക്ക്: തങ്ങൾ വികസിപ്പിച്ച ബ്രെയിൻ ചിപ്പ് രണ്ടാമത്തെ രോഗിയിൽ വിജയകരമായി പ്രവർത്തിക്കുന്നതായി ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ന്യൂറാലിങ്ക് കമ്പനി. കഴിഞ്ഞ മാസം ചിപ്പ് സ്വീകരിച്ച അലക്സ് എന്ന വ്യക്തിയുടെ നില തൃപ്തികരമാണ്. പാർശ്വഫലങ്ങൾ നേരിട്ടിട്ടില്ല. ഇദ്ദേഹത്തിന് ചിപ്പിന്റെ സഹായത്തോടെ കമ്പ്യൂട്ടറിൽ വീഡിയോ ഗെയിം കളിക്കാനും ത്രീഡി വസ്തുക്കൾ ഡിസൈൻ ചെയ്യാനും കഴിയുന്നുണ്ട്.
മനുഷ്യന്റെ തലച്ചോറും കമ്പ്യൂട്ടറും തമ്മിൽ ആശയവിനിമയം സാദ്ധ്യമാക്കുന്നതാണ് ടെലിപ്പതി എന്നറിയപ്പെടുന്ന ചിപ്പ്. കഴിഞ്ഞ ജനുവരിയിലാണ് മനുഷ്യന്റെ തലച്ചോറിൽ ആദ്യമായി ചിപ്പ് സ്ഥാപിച്ചത്. ശരീരം തളർന്ന രോഗിയിലാണ് പരീക്ഷണം. ശാരീരിക വൈകല്യമുള്ളവരെയും പാർക്കിൻസണും അൽഷിമേഴ്സുമടക്കം ന്യൂറോ രോഗങ്ങൾ ബാധിച്ചവരെയും ടെലിപ്പതിയുടെ സഹായത്താൽ ചിന്തകൾ കൊണ്ട് ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കാൻ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ചിപ്പ് ഘടിപ്പിച്ച ആദ്യ രോഗിക്ക് തന്റെ ചിന്തകൾ കൊണ്ട് കമ്പ്യൂട്ടർ മൗസിനെ നിയന്ത്രിക്കാൻ സാധിച്ചിരുന്നു.