2020ൽ പുറത്തിറങ്ങിയ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ താരമാണ് അദിതി റാവു ഹൈദരി. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത പ്രജാപതിിയിലൂടെയായിരുന്നു അദിതി റാവുവിന്റെ മലയാള സിനിമയിലെ അരങ്ങേറ്റം. മണിരത്നത്തിന്റെ കാട്രു വെളിയിതെ, സെക്ക സിവന്ത വാനം എന്നീ ചിത്രങ്ങളും അദിതിയെ തെന്നിന്ത്യയിൽ പ്രശസ്തയാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ ചർച്ചയാകുമ്പോൾ അദിതി റാവു ഹൈദരി മുൻപൊരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വീണ്ടും നിറയുകയാണ്. സൺഡേ ഗാർഡിയന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ കരിയറിന്റെ തുടക്കത്തിൽ ഉണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളാണ് താരം അഭിമുഖത്തിൽ പങ്കുവച്ചത്.
നല്ലവേഷങ്ങൾ ലഭിക്കാൻ കിടക്ക പങ്കിടാൻ തന്നോട് ആവശ്യപ്പെട്ടുവെന്നും വിസമ്മതിച്ചപ്പോൾ തനിക്കെതിരെ ചിലർ തിരിഞ്ഞുവെന്നും അദിതി പറയുന്നു 'എല്ലാ ഇൻഡസ്ട്രിയിലുമുള്ള അധികാര ദുർവിനിയോഗത്തെക്കുറിച്ച് ഞാൻ എന്നും സംസാരിക്കും. പക്ഷെ വ്യക്തിപരമായി ഞാൻ പേരുകൾ പറയാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എന്റെ തീരുമാനമെടുത്തു. അതൊരു ഉറച്ച തീരുമാനമാണ്. എങ്ങനെയാണ് ഒരാൾക്ക് എന്നോട് അങ്ങനെ സംസാരിക്കാൻ ധൈര്യം വന്നത്? അതിന് ശേഷം എട്ട് മാസത്തേക്ക് എനിക്ക് സിനിമയൊന്നും വന്നില്ല. പക്ഷെ ആ തീരുമാനം എന്നെ കരുത്തയാക്കുകയും എനിക്ക് വേണ്ടത് എന്താണെന്ന് ബോധ്യപ്പെടുകയും ചെയ്തു. 2 ചിലപ്പോൾ നമ്മൾക്ക് ഒരു പ്രതിസന്ധി നേരിടുകയും അതിനെ മറികടക്കുകയും വേണ്ടി വരും. അങ്ങനെയാണ് എനിക്ക് തോന്നുന്നത്' അദിതി പറഞ്ഞു.