kbfc

കൊല്‍ക്കത്ത: ഡ്യൂറാന്‍ഡ് കപ്പ് സെമി ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ് ചിരവൈരികളായ ബംഗളൂരു എഫ്.സിയെ നേരിടും. വെള്ളിയാഴ്ച രാത്രി 7 മുതല്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. പുതിയ പരിശീലകന്‍ മൈക്കിള്‍ സ്റ്റാറെയുടെ ശിക്ഷണത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മിന്നും പ്രകടനം പുറത്തെടുത്താണ് ബ്ലാസ്റ്റേഴ്‌സ് ക്വാര്‍ട്ടര്‍ പോരിനിറങ്ങുന്നത്. ഡ്യൂറാന്‍ഡ് കപ്പില്‍ ഇതുവരെ ബ്ലാസ്റ്റേഴ്‌സിന് സെമിയില്‍ എത്താനായിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ 16 ഗോളുകള്‍ എതിര്‍ വലയില്‍ നിക്ഷേപിച്ച ബ്ലാസ്റ്റേഴ്‌സ് അതിനാല്‍ തന്നെ ഇത്തവണ വലിയ പ്രതീക്ഷയിലാണ്.

മൊറോക്കന്‍ താരം നോഹ സദോയി എത്തിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തിന് മൂര്‍ച്ച കൂടിയെന്ന് കഴിഞ്ഞ മത്സരങ്ങളിലെ ഫലങ്ങള്‍ വ്യക്തമാക്കുന്നു.ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ഹാട്രിക്കുകളാണ് നോഹ നേടിയത്. ഒരു ഹാട്രിക്ക് ഗോള്‍ നേട്ടം ഗ്രൂപ്പ് ഘട്ടത്തില്‍ക്കുറിച്ച പെപ്രയും മികച്ച ഫോമിലാണ്. ക്യാപ്ടന്‍ അഡ്രിയാന്‍ ലൂണയും ഫ്രെഡ്ഡി ലാലമ്മാവയും മദ്ധ്യനിരയില്‍ മികച്ച രീതിയില്‍ കളിമെനഞ്ഞിരുന്നു. ഗ്രൂപ്പ് സിയില്‍ കളിച്ച 3 മത്സരങ്ങളില്‍ നിന്ന് 2 ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്ലാസ്റ്റേഴ്‌സ് ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്.

മറുവശത്ത് കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരായി തന്നെയാണ് ബംഗളൂരു ക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛെത്രി, മുന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ജോര്‍ഗെ പെരേര ഡിയാസ് , രാഹുല്‍ ഭേക്കേ എന്നിവരെല്ലാം ഫോമിലാണെന്നുള്ളത് ബംഗളൂരുവിന് അനുകൂല ഘടകമാണ്.

വെള്ളിയാഴ്ച ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനും പഞ്ചാബും തമ്മില്‍ ഏറ്റുമുട്ടും. ഇതിലെ വിജയികളാണ് ബ്ലാസ്റ്റേഴ്‌സ്-ബംഗളൂരു മത്സരത്തിലെ വിജയികളെ സെമിയില്‍ നേരിടുക. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഷില്ലോംഗ് ലജോംഗും സെമിയില്‍ എത്തിക്കഴിഞ്ഞു.

നേര്‍ക്കു നേര്‍

ഇതുവരെ മുഖാമുഖം വന്ന 18 മത്സരങ്ങളില്‍ 10ലും ബംഗളൂരുവിനായിരുന്നു ജയം. 4 എണ്ണത്തില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു. 4 എണ്ണം സമനിലയായി.