pic

മോസ്കോ : കുർസ്കിലെ ആണവനിലയം ആക്രമിക്കാൻ യുക്രെയിൻ ശ്രമിച്ചെന്ന ആരോപണവുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുക്രെയിൻ അതിർത്തിയ്ക്ക് സമീപമാണ് റഷ്യയിലെ തന്ത്രപ്രധാനമായ കുർസ്ക് നിലയം സ്ഥിതി ചെയ്യുന്നത്. ഈ മാസം 6 മുതൽ അതിർത്തി കടന്ന് യുക്രെയിൻ സൈനികർ ആക്രമണം തുടരുന്ന മേഖലയാണ് കുർസ്‌ക്.

കുർസ്‌ക്, ബ്രയാൻ‌സ്‌ക്, ബെൽഗൊറോഡ് എന്നീ അതിർത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നലെ ചേർന്ന യോഗത്തിനിടെയാണ് പുട്ടിൻ യുക്രെയിനെതിരെ രംഗത്തെത്തിയത്. ഇന്നലെ പുലർച്ചെ കുർസ്‌ക് നിലയത്തിൽ ആക്രമണം നടത്താൻ യുക്രെയിൻ ശ്രമിച്ചെന്ന് പുട്ടിൻ പറഞ്ഞു.

വിവരം ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയെ ധരിപ്പിച്ചെന്നും നിലയത്തിലെ സ്ഥിതി പരിശോധിക്കാൻ വിദഗ്ദ്ധ സംഘത്തെ അയക്കാമെന്ന് ഏജൻസി അറിയിച്ചതായും പുട്ടിൻ വ്യക്തമാക്കി. എന്നാൽ എന്ത് തരത്തിലെ ആക്രമണമാണ് നേരിട്ടതെന്ന് പുട്ടിൻ വ്യക്തമാക്കിയില്ല. ആക്രമണം സംബന്ധിച്ച തെളിവുകളും പുറത്തുവിട്ടില്ല.

മേഖലയിൽ യുക്രെയിൻ ഡ്രോൺ ആക്രമണം നടന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ നിലയത്തിലെ സാഹചര്യം തൃപ്തികരമാണെന്ന് കുർസ്‌ക് ആ‌ക്‌ടിംഗ് ഗവർണർ അലക്‌സി സ്‌മിർനോവ് പറഞ്ഞു. പുട്ടിന്റെ ആരോപണത്തോട് യുക്രെയിൻ പ്രതികരിച്ചിട്ടില്ല.

ഇതിനിടെ, റഷ്യയിലെ ക്രാസ്നോഡർ മേഖലയിലെ കാവ്കാസ് തുറമുഖത്ത് ഇന്ധന ടാങ്കുകളുമായി സഞ്ചരിച്ച ബോട്ട് യുക്രെയിൻ ആക്രമണത്തിൽ മുങ്ങിയതായി പ്രാദേശിക ഭരണകൂടം ആരോപിച്ചു. 30 ഇന്ധന ടാങ്കുകളാണ് ബോട്ടിലുണ്ടായിരുന്നത്. ആക്രമണത്തെ തുടർന്ന് ബോട്ടിന് തീപിടിച്ചു. 17 ജീവനക്കാരെ രക്ഷപെടുത്തി. രണ്ട് പേരെ കാണാതായി.

 കമാൻഡ് പോസ്റ്റ് തകർത്തു

കുർസ്‌കിൽ റഷ്യൻ സൈന്യത്തിന്റെ കമാൻഡ് പോസ്‌റ്റ് തകർത്ത് യുക്രെയിൻ. യു.എസ് നിർമ്മിത ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് യുക്രെയിൻ എയർഫോഴ്സ് അറിയിച്ചു. കുർസ്‌കിൽ കടന്നുകയറ്റം ശക്തമാക്കിയ യുക്രെയിൻ 80ലേറെ ഗ്രാമങ്ങളും പട്ടണങ്ങളും പിടിച്ചെടുത്തു. കുർ‌സ്‌കിലെ 1,150 ചതുരശ്ര കിലോമീറ്ററിലേറെ പ്രദേശം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് യുക്രെയിൻ അവകാശപ്പെടുന്നു.

തങ്ങളുടെ പൗരന്മാരെ റഷ്യൻ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാനാണ് കടന്നുകയറ്റം ആരംഭിച്ചതെന്ന് യുക്രെയിൻ പറയുന്നു. കുർസ്‌കിൽ ഏറ്റുമുട്ടൽ തുടരുന്ന റഷ്യൻ സൈന്യം കിഴക്കൻ യുക്രെയിനിലെ ഡൊണെസ്‌ക് അടക്കമുള്ള മേഖലകളിലേക്ക് ആക്രമണം കേന്ദ്രീകരിച്ചിരിക്കുകയാണ്.