കൊച്ചി: ഹേമ കമ്മിറ്റി ആരോപണ വിധേയർക്ക് പറയാനുള്ളത് കേട്ടില്ലെന്ന് നടി കുക്കു പരമേശ്വരൻ. ഡബ്ലൂ സി സി നിർദേശിച്ചവരുടെ മൊഴികളാണ് കമ്മിറ്റി രേഖപ്പെടുത്തിയതെന്നും അവർ ആരോപിച്ചു. പരാതിയുള്ളവർ മറ നീക്കി പുറത്തുവരണമെന്നും കുക്കു ആവശ്യപ്പെട്ടു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
'ഞാനൊരാൾക്കെതിരെ ആരോപണമുന്നയിക്കുമ്പോൾ, ആരോപണ വിധേയനായ ആൾക്ക് പറയാനുള്ളതും കേൾക്കണം. അത് കേട്ടിട്ടില്ല. പിന്നെ മലയാള സിനിമയിൽ ആകെ അറുപത്തിരണ്ടോ, അറുപത്തിയേഴോ പേരല്ലല്ലോ. അമ്മ അസോസിയേഷനിൽ ഇരുന്നൂറോളം സ്ത്രീകളുണ്ട്. അവരിലാരെയും വിളിച്ചിട്ടില്ല. കമ്മിറ്റി എല്ലാവരെയും വിളിക്കണം. എന്തുകൊണ്ടാണ് ഡബ്ല്യൂ സി സി നിർദേശിച്ചവരുടെ മാത്രം മൊഴിയെടുത്തത്?
അമ്മയിൽ പതിനാല് വർഷം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇരുന്നയാളാണ് ഞാൻ. ഞാനിരിക്കുന്ന സമയത്ത് ഒരു പരാതിയും അവിടെ വന്നിട്ടില്ല. നമ്മൾ അവിടെയും ഇവിടെയും ഇരുന്ന് പറയുന്നതല്ല പരാതി. അത് പരാതിയായി എടുക്കാനും പറ്റില്ല.
ഞാൻ ഐ സി സിയിലും ഉണ്ട്. അവിടെ വന്നത് ഒരേയൊരു പരാതിയാണ്. അത് കോൺഫിഡൻഷ്യാലിറ്റിയോടെയാണ് ഏറ്റെടുത്തത്. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് സത്യമാണെന്ന് ഹേമ കമ്മിറ്റിക്ക് തെളിയിക്കാൻ പറ്റില്ലല്ലോ.
ഒരു കമ്മിറ്റി റിപ്പോർട്ടിൽ കാണുന്നത് മുഴുവൻ കള്ളമാണെന്നൊന്നുമല്ല പറയുന്നത്. ഇന്നലെ വരെ നടന്ന കാര്യങ്ങളാണ് ഹേമ കമ്മിറ്റിയിലുള്ളത്. സിനിമാ മേഖല ഒരു തൊഴിലിടമാണ്. അതുകൊണ്ട് ഒരുപാട് പേർ ജീവിക്കുന്നതാണ്. നാളെ എന്താകണമെന്നതല്ലേ ചർച്ചയാകേണ്ടത്. ഇനി ഇത് പാടില്ല എന്ന് തീരുമാനമായി. നീതി കിട്ടാത്തവർക്ക് നീതി കൊടുക്കൂ. കോൺക്ലേവ് എന്ന ആശയം വളരെ നല്ലതാണ്.'- കുക്കു പരമേശ്വരൻ പറഞ്ഞു.