മൂവാറ്റുപുഴ: ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനൊടുവിൽ വെടിവയ്പ്. യുവാവിന് പരിക്കേറ്റു. കടാതിമംഗലത്ത് വീട്ടിൽ നവീനാണ് വെടിയേറ്റത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. കിഷോർ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗുരുതരമായി പരിക്കേറ്റ നവീൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നവീന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് കിഷോർ. വിദേശത്തായിരുന്ന കിഷോർ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
നവീനും കിഷോറും ഇടയ്‌ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെ വീടിനുള്ളിൽവച്ച് നവീനുമായി വാക്കുതർക്കമുണ്ടായതിന് പിന്നാലെ കിഷോർ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടിവയ്‌ക്കുകയായിരുന്നു.
സംഭവ സമയത്ത് വീട്ടിൽ ആരൊക്കെയുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. വെടിയൊച്ച കേട്ട ആരോ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് പ്രതി വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു.