തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ വെട്ടിയതായി വിവരം. 29 പാരഗ്രാഫുകൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടപ്പോൾ 129 പാരഗ്രാഫുകളാണ് സർക്കാർ ഒഴിവാക്കിയത്.
40-ാം പേജിലെ 96-ാം പാരഗ്രാഫ് , 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ എന്നിവ ഒഴിവാക്കണമെന്നായിരുന്നു വിവരാവകാശ കമ്മീഷൻ സർക്കാരിന് നൽകിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ, സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ 49 മുതൽ 53 വരെയുള്ള പേജുകളിലെ 129 പാരഗ്രാഫുകൾ ഒഴിവാക്കി. സുപ്രധാന വിവരങ്ങളാണ് ഈ പാരഗ്രാഫുകളിൽ ഉണ്ടായിരുന്നത് എന്ന ആക്ഷേപം ഉയരുകയാണ്.
അപേക്ഷകർക്ക് നേരത്തേ നൽകിയ വിവരത്തിൽ ഇവ ഒഴിവാക്കുമെന്ന് അറിയിച്ചിരുന്നില്ല. എന്നാൽ, സ്വകാര്യതയെ മാനിച്ച് ഇവ ഒഴിവാക്കി എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ കൂടുതലായി ഉണ്ടെങ്കിൽ ഒഴിവാക്കാമെന്ന് വിവരാവകാശ കമ്മീഷൻ പരോക്ഷമായി നടത്തിയ പരാമർശത്തിന്റെ പേരിലാണ് സർക്കാർ വലിയ രീതിയിലുള്ള ഒഴിവാക്കൽ നടത്തിയത്.
ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമ വിവരങ്ങൾ ഉൾപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയതെന്നാണ് വിവരം. വിവരാവകാശ കമ്മീഷൻ പുറത്തുവിടാൻ ആവശ്യപ്പെട്ട വിവരങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. എന്നാൽ, കമ്മീഷൻ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട 48ാം പേജിലെ 96ാം ഖണ്ഡിക സർക്കാർ പുറത്തുവിടുകയും ചെയ്‌തിട്ടുണ്ട്. ഈ പേജിൽ സ്വകാര്യതയിലേക്ക് വിരൽ ചൂണ്ടുന്ന വിവരങ്ങളില്ല.