maheendra

കൊച്ചി: 18 വർഷം മുൻപ് 30 പവൻ കൈക്കലാക്കി മുങ്ങി മുംബയിൽ നാലു ജുവലറികളുടെ ഉടമയായി വളർന്ന മഹീന്ദ്ര ഹശ്ബ യാദവ് (53) മോഷണ മുതലിന്റെ നിലവിലെ വിലയുടെ ഇരട്ടി തിരിച്ചു നൽകി. മാപ്പപേക്ഷിച്ചു. മനസ്സലിഞ്ഞ മൂവാറ്റുപുഴ കല്ലറയ്ക്കൽ ജുവലറിയുടമ വേണുഗോപാൽ കേസിൽ നിന്ന് പിൻമാറി.

കഴിഞ്ഞ 19നാണ് ഇയാൾ മുംബയിൽ പിടിയിലാകുന്നത്. ഇതിന് ഒരാഴ്ച മുമ്പ് കുടുംബസമേതം മൂവാറ്റുപുഴയിലെത്തിയിരുന്നു. തന്നെ 'കോടീശ്വരനാക്കിയ" ജുവലറി കുടുംബത്തിന് കാണിച്ചു കൊടുത്തു. പുറത്തു നിന്ന് വീഡിയോയും പകർത്തി.

മൂന്നാറിൽ അടിച്ചുപൊളിക്കാൻ എത്തിയപ്പോഴാണ് പഴയ വഴിയിലേക്കും നടന്നത്. 22 വർഷം തന്നെ പോറ്റിയ ജുവലറി വീണ്ടും കണ്ടപ്പോൾ കുറ്റബോധം തോന്നി. വേണുഗോപാലിനോട് മാപ്പപേക്ഷിക്കാൻ തീരുമാനിച്ചാണ് അന്ന് മടങ്ങിയത്.

ഇയാളെ പൊലീസ് കൊണ്ടുവരുന്നതറിഞ്ഞ് ബംഗളൂരു വിമാനത്തവളത്തിൽ എത്തിയ വേണുഗോപാലിനോട് ഇക്കാര്യം കരഞ്ഞുപറഞ്ഞു. കാലിൽ വീണ് മാപ്പും ചോദിച്ചു. തുക മഹീന്ദ്രയുടെ മകൻ ബുധനാഴ്ച മൂവാറ്റുപുഴയിൽ എത്തി കൈമാറുകയായിരുന്നു.

15-ാം വയസിലാണ് മുംബയ് സാൻഗ്ലി സ്വദേശിയായ മഹീന്ദ്ര മൂവാറ്റുപുഴയിൽ എത്തിയത്. വേണുഗോപാലിന്റെ വിശ്വസ്തനായി. സ്വർണം ശുദ്ധീകരിക്കാൻ ഇയാളാണ് പതിവായി കൊണ്ടുപോയിരുന്നത്. 2006ൽ ഇങ്ങനെ പോയപ്പോഴാണ് 30 പവനും മൂവാറ്റുപുഴയിലെ സുഹൃത്തിൽ നിന്നു വാങ്ങിയ ഒന്നരലക്ഷവുമായി മുങ്ങിയത്. മോഷണത്തിന് മുമ്പ് ഭാര്യയെയും മക്കളെയും നാട്ടിലെത്തിച്ചു.

ഇയാളുടെ ഒരു ഫോട്ടോ പോലും ലഭിക്കാതെ ആദ്യ അന്വേഷണം നിലച്ചു. നവകേരള സദസിൽ വേണുഗോപാൽ നൽകിയ പരാതി പുനരന്വേഷണത്തിന് വഴിതുറന്നു. മഹീന്ദ്രയുടെ മകനൊപ്പം മൂവാറ്റുപുഴ സ്കൂളിൽ പഠിച്ചിരുന്ന സുഹൃത്തിനെ പൊലീസ് കണ്ടെത്തി. ഫേസ്ബുക്കിൽ ഇരുവരും ഇപ്പോഴും സൗഹൃദം പങ്കിടാറുണ്ട്. ഇത് വഴിത്തിരിവായി.

മുംബയിലെ മുലുന്ദ് ജോർജിയോൺ ലിങ്ക് റോഡിലെ വീട്ടിൽ കേരള പൊലീസെത്തിയപ്പോൾ മഹീന്ദ്രയുടെ ഗുണ്ടകൾ വളഞ്ഞു. മൽപ്പിടിത്തത്തിലൂടെ പിടികൂടി. മൂന്ന് വാഹനങ്ങളിലായി ഗുണ്ടകൾ പിന്തുടർന്നു. പൂനെവരെ ഒരുവിധമെത്തി. അവിടന്ന് വിമാനത്തിൽ ബംഗളൂരുവിലെത്തിച്ച ശേഷമാണ് മൂവാറ്റുപുഴയിൽ കൊണ്ടുവന്നത്. റിമാൻഡിലായ മഹീന്ദ്രയ്ക്കെതിരെ വിശ്വാസവഞ്ചന കേസാണ് ചുമത്തിയിട്ടുള്ളത്.

സ്വന്തം നിലയിലും മറ്റും മുംബയിൽ എത്തി അന്വേഷിച്ചെങ്കിലും മഹീന്ദ്രയെ കണ്ടെത്താനായില്ല. എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയിരിക്കെയാണ് കേസ് തെളിഞ്ഞത്.

വേണുഗോപാൽ, കല്ലറയ്ക്കൽ ജുവലറി ഉടമ