ലക്‌നൗ: ഉത്തരവ് പാലിക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ഈ മാസം ശമ്പളം നൽകില്ലെന്ന് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ. സർക്കാർ ജീവനക്കാർ തങ്ങളുടെ സ്ഥാവര, ജംഗമ വസ്‌തുക്കളുടെ പൂർണ വിവരം ഓഗസ്റ്റ് 31നകം സർക്കാർ പോർട്ടലായ മാനവ് സമ്പത്തിൽ വെളിപ്പെടുത്തണം. അല്ലാത്ത പക്ഷം ഈ മാസത്തെ ശമ്പളം നൽകില്ലെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ ആദ്യ സമയ പരിധി ഡിസംബർ 31 ആയിരുന്നു. പിന്നീടിത് ജൂൺ 30, ജൂലായ് 31 എന്നിങ്ങനെ മാറ്റി. എന്നാൽ, ഇത്രയും സമയം അനുവദിച്ചിട്ടും വെറും 26 ശതമാനം പേരാണ് ഉത്തരവ് പാലിച്ചത്. അതിനാലാണ് സമയ പരിധി ഓഗസ്റ്റ് 31 വരെ നീട്ടി നൽകിയത്. എന്നാൽ, ഇനിയും ഉത്തരവ് പാലിച്ചില്ലെങ്കിൽ ശമ്പളം നൽകില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
നിലവിൽ 17,88,429 സർക്കാർ ജീവനക്കാരാണ് ഉത്തർപ്രദേശിലുള്ളത്. ഇതിൽ 26 ശതമാനം പേർ മാത്രമാണ് സ്വത്തുവിവരങ്ങൾ നൽകിയിട്ടുള്ളത്. അതായത് ഇനി 13 ലക്ഷത്തിലധികം ജീവനക്കാർ വിവരങ്ങൾ നൽകാനുണ്ട്. നേരത്തെ പലതവണ സമയപരിധി നീട്ടിയിട്ടുണ്ടെങ്കിലും വിശദാംശങ്ങൾ സമർപ്പിക്കാത്തവർക്കുള്ള അന്ത്യശാസനം എന്ന നിലയിലാണ് ഏറ്റവും പുതിയ നിർദ്ദേശം.
ഓഗസ്റ്റ് 31നകം സ്വത്തുവിരങ്ങൾ നൽകുന്നവർക്ക് മാത്രമേ ഈ മാസത്തെ ശമ്പളം നൽകുകയുള്ളു എന്ന് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി മനോജ് കുമാർ സിംഗ് വ്യക്തമാക്കി. സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കാനാണ് ഈ നടപടിയെന്നാണ് സർക്കാർ പറയുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നേതൃത്വത്തിൽ അഴിമതി ഒഴിവാക്കാനുള്ള നയമാണ് തങ്ങൾ പാലിക്കുന്നതെന്ന് മന്ത്രി ഡാനിഷ് ആസാദ് അൻസാരി പറഞ്ഞു.
പ്രതിപക്ഷം ഈ നടപടിയെ വിമർശിച്ചു. ഇത്രയും സമയം നൽകിയിട്ടും ഉദ്യോഗസ്ഥർ വിവരം നൽകാത്തത് സർക്കാരിന്റെ പരാജയമാണെന്നും അവർ കുറ്റപ്പെടുത്തി. 'എന്തുകൊണ്ട് 2017ൽ സർക്കാർ ഈ നിയമം കൊണ്ടുവന്നില്ല? തങ്ങളുടെ ജീവനക്കാരെല്ലാം അഴിമതിക്കാരാണെന്ന് അവർ ഇപ്പോഴാണോ തിരിച്ചറിഞ്ഞത്', സമാജ്‌വാദി പാർട്ടി വക്താവ് അശുതോഷ് വെർമ പറഞ്ഞു.
ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് പേഴ്സണൽ ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി എം ദേവരാജ് എല്ലാ അഡീഷണൽ ചീഫ് സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും വകുപ്പ് മേധാവികൾക്കും ഓഫീസ് മേധാവികൾക്കും അയച്ചു. ഉത്തരവനുസരിച്ച്, ഈ വിശദാംശങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്ന ജീവനക്കാരെ സ്ഥാനക്കയറ്റത്തിനും പരിഗണിക്കില്ല.