shine-tom-chako

കൊച്ചി: ലഹരി ഉപയോഗം സംബന്ധിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന ചില കാര്യങ്ങൾ നേരിട്ട് അറിവുള്ളതാണെന്ന് എസ്‌സൈസ് മുൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. മുൻ അസിസ്‌റ്റന്റ് എക്‌സൈസ് കമ്മിഷണർ പി.എസ് ശശികുമാറിന്റേതാണ് തുറന്നുപറച്ചിൽ. 10 വർഷങ്ങൾക്ക് മുമ്പ് നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ മയക്കുമരുന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു ശശികുമാർ.

ഷൈൻ ടോം ചാക്കോയുടെ കേസ് കേരളത്തിലെ ആദ്യത്തെ കൊക്കെയ്‌ൻ കേസ് ആയിരുന്നു. ആ സമയത്താണ് സിനിമാ നടന്മാർ ലഹരി ഉപയോഗിക്കുന്നുവെന്ന തെളിവ് എക്‌സൈസിന് കിട്ടിയത്. പല മയക്കുമരുന്ന് കേസുകളിലും എന്തിനാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്ന് ചോദ്യം ചെയ്യുന്നതിനിടെ ചോദിക്കുമ്പോൾ വില കൂടിയ മയക്കുമരുന്നുകൾ സിനിമാരംഗത്ത് സപ്ളൈ ചെയ്യാറുണ്ടെന്ന മറുപടിയാണ് ലഭിച്ചിട്ടുള്ളതെന്ന് ശശികുമാർ പറയുന്നു.

സിനിമാ സെറ്റിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും, ഡ്രഗ് പെഡലേഴ്‌സുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്ന് മനസിലാക്കാൻ പറ്റി. പക്ഷേ പല കാരണങ്ങൾ കൊണ്ടും അന്വേഷണം തുടരാൻ സാധിച്ചില്ല. ക്രിയേറ്റിവിറ്റിക്ക് മയക്കുമരുന്ന് ഉപയോഗിക്കണമെന്നതാണ് ഇൻഡസ്ട്രിയിലെ പലരുടേയും അന്ധവിശ്വാസമെന്ന് ശശികുമാർ പറയുന്നു. രണ്ടാംകിട സിനിമാ നടന്മാരാണ് ഇതിന് നേതൃത്വം നൽകിയിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി..