ലൊസാൻ: ഫിറ്റ്നസ് പ്രശ്നങ്ങൾ ഉയർത്തിയ വെല്ലുവിളി മറികടന്നാണ് സ്വറ്റ്സർലാൻഡിലെ ലൊസാൻ വേദിയായ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ജാവലിൻ ത്രോയിൽ ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര , അവസാന ശ്രമത്തിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. ആദ്യ ശ്രമങ്ങളിലൊക്കെ പിന്നാക്കം പോയി നീരജ് ആറാമത്തേയും അവസാനത്തേയും ശ്രമത്തിൽ 89.49 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞ് സീസൺ ബെസ്റ്റ് പ്രകടനത്തോടെയാണ് രണ്ടാം സ്ഥാനം നേടിയത്. കഴിഞ്ഞയിടെ പാരീസ് ഒളിമ്പിക്സിൽ വെള്ളി ഉറപ്പിച്ച 89.45 മീറ്ററിനെക്കാൾ മികച്ച പ്രകടനം ലൊസാനിൽ പുറത്തെടുക്കാൻ നീരജിനായി.
കഴിഞ്ഞ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഗ്രനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് 90.61 മീറ്റർ എറിഞ്ഞ് ലൊസാനിൽ ഒന്നാം സ്ഥാനം നേടി. രണ്ടാം ശ്രമത്തിലാണ് രണ്ട് തവണ ലോക ചാമ്പ്യനായിട്ടുള്ള ആൻഡേഴ്സ്ൺ ലൊസാനിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച പ്രകടനം പുറത്തെടുത്ത് 90 മീറ്റർ കടന്നത്. ജർമ്മനിയുടെ മാർക്ക് വെബ്ബർ (87.08 മീറ്റർ) മൂന്നാം സ്ഥാനത്തെത്തി. ഒളിമ്പികസ് സ്വർണമെഡൽ ജേതാവ് പാകിസ്ഥാന്റെ അർഷദ് നദീം മത്സരിക്കാനില്ലായിരുന്നു.
ആദ്യ ശ്രമത്തിൽ 82.10 മീറ്ററായിരുന്നു നീരജ് എറിഞ്ഞ ദൂരം. ആദ്യ ഏറിന് ശേഷം നാലാം സ്ഥാനത്തായിരുന്നു. രണ്ടാമത്തെ ഏറിൽ 83.21 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്തേക്ക് കയറിയെങ്കിലും ആടുത്ത ശ്രമത്തിൽ 83.13 മീറ്ററെ എറിയാനായുള്ളൂ. ഇതോടെ വീണ്ടും നാലാം സ്ഥാനത്തായി. 4-ാമത്തെ ഏറിൽ വീണ്ടും 82.21 മീറ്റർ എറിഞ്ഞെങ്കിലും നാലാം സ്ഥാനത്ത് തുടർന്നു.അഞ്ചാം ശ്രമത്തിലാണ് നീരജിന് 85 മീറ്റർ കടക്കാനായത്.85.58 മീറ്ററോടെ മൂന്നാം സ്ഥാനത്തേക്ക് കയറിയ നീരജിന് ആറാം ശ്രമം കൂടി ലഭിക്കുകയായിരുന്നു.
അവസാന ശ്രമത്തിൽ യഥാർത്ഥ മികവിലേക്ക് ഉയർന്ന നീരജ് 89.49 മീറ്റർ എറിഞ്ഞ് വെബ്ബറെ മറികടന്ന് രണ്ടാം സ്ഥാനം ഉറപ്പിച്ചു. എന്നാലും 90 എന്ന മാജിക്കൽ ദൂരം ലൊസാനിലും നീരജിൽ നിന്ന് സെന്റീമീറ്ററുകളുടെ വ്യത്യാസത്തിൽ അകന്നു പോയി.
സെപ്തംബർ 14ന് ബെൽജിയത്തിലെ ബ്രസ്സൽസിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിലേക്കും നീരജ് യോഗ്യത ഉറപ്പിച്ചു. ഡയമണ്ട് ലീഗ് മീറ്റുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ആറ് പേർ മാത്രമാണ് ഫൈനലിൽ മത്സരിക്കുക.ഇതിൽ ജയിക്കുന്ന താരമാണ് ഡയമണ്ട് ലീഗ് ചാമ്പ്യനാവുക.2022ൽ ചാമ്പ്യനായിരുന്ന നീരജ് കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു.