കാഠ്മണ്ഡു: നേപ്പാളിൽ ഇന്ത്യൻ സഞ്ചാരികൾ യാത്ര ചെയ്ത ബസ് മർസ്യാംദി നദിയിലേക്ക് മറിഞ്ഞ് 27 പേർക്ക് ദാരുണാന്ത്യം. 16 പേർക്ക് പരിക്കേറ്റു. ഇന്നലെ പ്രാദേശിക സമയം, രാവിലെ 11.30ന് തനാഹുൻ ജില്ലയിലായിരുന്നു സംഭവം. ടൂറിസ്റ്റ് നഗരമായ പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള യാത്രക്കിടെ ബസ് ഹൈവേയിൽ നിന്ന് തെന്നി നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല. ശക്തമായ മഴയെ തുടർന്ന് നദിയിൽ ജലനിരപ്പ് ഉയർന്നിരുന്നു.
43 പേരാണ് ബസിലുണ്ടായിരുന്നത്. ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്യപ്പെട്ട ബസിലെ യാത്രികർ മഹാരാഷ്ട്ര സ്വദേശികളായിരുന്നെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മോശം കാലാവസ്ഥയും അപകടകരമായ റോഡുകളുമാണ് പലപ്പോഴും നേപ്പാളിൽ ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നത്.
നേപ്പാൾ സൈന്യത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ജൂലായിൽ ചിത്വാനിലെ ഹൈവേയിലുണ്ടായ മണ്ണിടിച്ചിലിനിടെ രണ്ട് ബസുകൾ ത്രിശൂലി നദിയിലേക്ക് പതിച്ച് 60ഓളം പേർ മരിച്ചിരുന്നു.