ലോകമാകെ കടൽവിഭവങ്ങൾക്ക് വലിയ സ്വീകാര്യതയുണ്ട്. വിവിധ മത്സ്യങ്ങളെയും മറ്റ് ജീവികളെയും പ്രത്യേകതരത്തിൽ പാചകം ചെയ്‌താണ് കഴിക്കാറ്. കൊഞ്ചടക്കം ചിലവയെ ജീവനോടെ എത്തിക്കുന്നത് ചൈനയടക്കം പല രാജ്യങ്ങളിലെയും പതിവാണ്. ഇത്തരത്തിൽ തീൻമേശയിലെ തിളച്ചുമറിയുന്ന പാത്രത്തിൽ നിന്ന് കഴിക്കാനായി എടുത്ത ഒരു ചെമ്മീൻ അതിനെ കഴിക്കാൻ ശ്രമിച്ച യുവതിയെ ആക്രമിച്ചതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
മാർകോവാട്‌സ് എന്ന ഇൻസ്‌റ്റഗ്രാം പേജിലാണ് ഈ വീഡിയോ പുറത്തുവന്നത്. ചൈനയിലെ ഏതോ ഒരു റെസ്‌റ്റോറന്റിലാണ് സംഭവം. ചെമ്മീനെ ഭക്ഷിക്കുന്നതിനായി എടുത്ത യുവതിയെ ഞെട്ടിച്ച് പെട്ടെന്ന് ജീവി പിടയ്‌ക്കാൻ തുടങ്ങി. തിളച്ച വെള്ളമുള്ള പാത്രത്തിലേക്ക് ഇട്ടതും പെട്ടെന്ന് ചെമ്മീൻ യുവതിയുടെ കൈത്തണ്ടയിൽ ഇറുക്കി പിടുത്തമിട്ടു. വേദനകൊണ്ട് പുളഞ്ഞ യുവതി ചെമ്മീനെ വിടാൻ ശ്രമിച്ചെങ്കിലും ജീവി പിടിവിട്ടില്ല.
യുവതിയുടെ നിലവിളി കേട്ട് ഒരു റെസ്‌റ്റോറെന്റ് ജീവനക്കാരൻ സഹായത്തിനെത്തി ഒരുവിധത്തിൽ ചെമ്മീനെ പിടിച്ചുമാറ്റി. നിരവധി പേരാണ് ചെമ്മീന് അനുകൂലമായും അമ്പരന്നും കമന്റ് ചെയ്‌തിരിക്കുന്നത്. എന്തൊരു അത്ഭുതമാണ് അതിന്റെ തിരിച്ചടി.പാവം ജീവനോടെ പാകം ചെയ്യപ്പെടാൻ ഇഷ്‌ടപ്പെടാത്തതാണ് അത്.
മാന്റിസ് ഷ്‌റിംപ് എന്ന് വിളിക്കപ്പെടുന്ന ചെമ്മീനായിരുന്നു വീഡിയോയിൽ കണ്ടത്. ശക്തമായ കൈകളുള്ളവയാണ് ഇവ. മനുഷ്യന്റെ വിരൽ ഒടിക്കാനോ ഒരു ഗ്ളാസ് തകർക്കാനോ ഒക്കെ കഴിയുന്നത്ര പ്രഹരം ഏൽപ്പിക്കാൻ ഇവയ്‌ക്ക് കഴിയാറുണ്ട്. മൃദുല ശരീരമുള്ള ഇരകളെ ഒറ്റയടിക്ക് കൊന്ന് തിന്നാൻ ഇവയുടെ കഴിവ് പ്രശസ്‌തമാണ്.