flood

അഗർത്തല: ത്രിപുരയിൽ തിങ്കളാഴ്‌ച മുതൽ ആരംഭിച്ച കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 20 ആയി. കഴിഞ്ഞ ദിവസം

12 പേർ കൂടി മരിച്ചു. 24 മണിക്കൂറിനുള്ളിൽ ശാന്തിർബസാർ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് കുടുംബങ്ങളിലെ ഏഴ് പേർ മരിച്ചു.
30 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ മഴക്കെടുതിയാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. 17 ലക്ഷത്തോളം പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം 450 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നിലവിൽ 65,​ 400 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. എട്ടു ജില്ലകളിലായി 1056 വീടുകൾ തകർന്നു. സ്‌കൂളുകളും കോളേജുകളും അടച്ചു. വെസ്റ്റ് ത്രിപുര, സെപാഹിജാല, ഗോമതി, ദക്ഷിണ ത്രിപുര ജില്ലകളിൽ മുഖ്യമന്ത്രി മണിക് സാഹ വ്യോമനിരീക്ഷണം നടത്തി. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

ഗോമതി ഉൾപ്പെടെ നിരവധി നദികൾ അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.

ജലനിരപ്പ് കുറയുന്നത് വരെ ജാഗ്രത പാലിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ അടച്ചു. 1.20 ഹെക്ടർ നെൽവയലുകൾ വെള്ളത്തിനടിയിലായി. 579 സ്ഥലങ്ങളിൽ റോഡ് ഗതാഗതം പുനഃ സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു. കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഗോമതി നദി കടന്നുപോകുന്ന ബംഗ്ലാദേശിലെ കിഴക്കൻ ജില്ലകളിലും വെള്ളപ്പൊക്കമുണ്ടായി. ഇത് മുന്നറിയിപ്പില്ലാതെ ഗോമതി നദിയിലെ ദുംബുർ അണക്കെട്ട് തുറന്നതുകൊണ്ടാണെന്ന് ബംഗ്ലാദേശ് ആരോപിച്ചെങ്കിലും ഇന്ത്യ തള്ളി. ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് പ്രൊഫ. മുഹമ്മദ് യൂനുസ് ധാക്കയിലുള്ള ഇന്ത്യൻ ഹൈകമീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചെന്ന വാർത്തയും വിദേശകാര്യമന്ത്രാലയം തള്ളി.

നേരത്തെ നിശ്ചയിച്ച യോഗമാണത്. ഇരുരാജ്യങ്ങളിലുമായി ഒഴുകുന്ന ഗോമതി നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചുദിവസമായി പെയ്യുന്ന കനത്തമഴയാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണമെന്ന് ഇന്ത്യ വ്യക്തമാക്കി. ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയെന്ന് തെറ്റായ പ്രചാരണമാണ്. നേരത്തെ നിശ്ചയിച്ച യോഗമാണതെന്നും വ്യക്തമാക്കി.

40 കോടി പ്രഖ്യാപിച്ച് കേന്ദ്രം

അടിയന്തര നടപടിയായി ദുരിതാശ്വാസം,​ പുനരധിവാസ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കായി കേന്ദ്രസ‌ർക്കാർ 40 കോടി രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രം വിന്യസിച്ചിട്ടുള്ള 11 എൻ.ഡി.ആർ.എഫ് ടീമുകളുൾപ്പെടെ രക്ഷാപ്രവർത്തനത്തിന് ത്രിപുരയിലെത്തിയിട്ടുണ്ട്.