flight

കേരളപ്പിറവിക്കു മുമ്പേ തന്നെ മലയാളിയുടെ പ്രവാസ ജീവിതം തുടങ്ങിയിരുന്നു. സിലോണിലും ബർമയിലും മറ്റും ഭാഗ്യം പരീക്ഷിച്ചവർ പിന്നീട് ഗൾഫ് നാടുകളിലേക്ക് കൂട്ടമായി ചേക്കേറി. വിമാനങ്ങളും അപൂർവമായിരുന്ന അറുപതുകളിൽ പത്തേമാരികളിലും പായ്ക്കപ്പലുകളിലും ജീവൻ പണയം വച്ച് അവർ മറുകര പറ്റി. സമകാലിക കാലഘട്ടത്തിൽ യൂറോപ്പിലും ഓസ്‌ട്രേലിയയിലും അമേരിക്കൻ വൻകരയിലും മലയാളികൾ വേരുറപ്പിച്ചു. പ്രവാസയാത്രകൾ ക്രമേണ ആകാശമാർഗം മാത്രമായി. കാളവണ്ടി യുഗത്തിൽ നിന്ന് ലോകം എ.ഐ. യുഗത്തിലെത്തിയ നാൾവഴികളാണ് കടന്നുപോകുന്നത്. എങ്കിലും പ്രവാസികൾ അന്നുമിന്നും നേരിടുന്ന പ്രധാന പ്രശ്‌നം യാത്രാക്ലേശവും അമിത യാത്രാനിരക്കുമാണ്. ഇന്ത്യയ്ക്കകത്തുള്ള ആഭ്യന്തര സർവീസുകളുടെ കാര്യത്തിലും പരാതികൾ നിലനിൽക്കുന്നുണ്ട്.

അതുകൊണ്ട് തന്നെ കേരളം ആസ്ഥാനമാക്കി വിമാനക്കമ്പനി എന്നത് കാലങ്ങളായി ചർച്ചകളിൽ നിറയുന്ന കാര്യമാണ്. പതിറ്റാണ്ടുകൾ കടന്നുപോയെങ്കിലും വിഷയത്തിൽ ഒരിഞ്ചുപോലും മുന്നോട്ടുപോയിരുന്നില്ല. മുംബയ് കേന്ദ്രമാക്കി മലയാളി വ്യവസായി തക്കിയുദ്ദീൻ വാഹിദ് തുടക്കമിട്ട ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ട്രാജഡിയിൽ അവസാനിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ പുതുപ്രതീക്ഷകളായിരിക്കുന്നു. വിമാനസർവീസ് തുടങ്ങാൻ മുന്നിട്ടിറങ്ങിയ മലയാളി സംരംഭകർക്ക് കേന്ദ്രം പച്ചക്കൊടി കാട്ടിയിരിക്കുകയാണ്.

എയർ കേരള

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഏറെ കൊട്ടിഘോഷിച്ചുള്ള പ്രഖ്യാപനമായിരുന്നു എയർ കേരള. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ ഒരു വിമാനക്കമ്പനി. വ്യോമയാനരംഗത്തെ ചൂഷണവും നിരക്കുകൊള്ളയും ഇതോടെ അവസാനിക്കുമെന്ന പ്രതീതിയുണ്ടായി. ഇതിനായി കടലാസ് ജോലികൾ മുന്നോട്ടുനീക്കുകയും ചെയ്തു. ആദ്യം ആഭ്യന്തര സർവീസുകളും തുടർന്ന് അന്താരാഷ്ട്ര സ‌ർവീസുകളും നടത്താനായിരുന്നു ധാരണ. എന്നാൽ സാമ്പത്തിക പ്രശ്നമടക്കം പല പ്രതിസന്ധികളുമുണ്ടായി. എയർ കേരള പദ്ധതി വിസ്മൃതിയിലേക്ക് നീങ്ങുമ്പോളാണ് മറ്റൊരു വഴിത്തിരിവുണ്ടായത്.

ദുബായിൽ മലയാളി വ്യവസായികൾ ആരംഭിച്ച സെറ്റ്ഫ്ലൈ ഏവിയേഷൻ എന്ന വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം ആഴ്ചകൾക്ക് മുമ്പ് പ്രവർത്തനാനുമതി നൽകി. പിന്നാലെ 'എയർ കേരള' എന്ന പേരിൽ പുതിയ വിമാന സർവീസും പ്രഖ്യാപിച്ചു. ഒരു മില്യൺ ദിർഹം (ഏകദേശം 2.2 കോടി രൂപ) നൽകി കഴിഞ്ഞ വർഷം എയർ കേരള എന്ന ഡൊമൈൻ സെറ്റ്ഫ്ലൈറ്റ് ഏവിയേഷൻ സ്വന്തമാക്കിയിരുന്നു. നിലവിൽ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കാനാണ് ഡി.ജി.സി.ഐയുടെ അനുമതി. തുടക്കത്തിൽ രണ്ടു മൂന്ന് നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസുകൾക്ക് മൂന്ന് എ.ടി.ആർ 72-600 വിമാനങ്ങൾ ഉപയോഗിക്കുമെന്നാണ് കമ്പനി വക്താക്കൾ അറിയിച്ചിരിക്കുന്നത്. ഭാവിയിൽ അന്താരാഷ്ട്ര സർവീസാക്കി ഇതിനെ മാറ്റാനാണ് തീരുമാനം. ആഭ്യന്തര സർവീസുകൾ നടത്തി മികവ് തെളിയിക്കുന്ന സ്വകാര്യ കമ്പനികൾക്കേ അന്താരാഷ്ട്ര സർവീസുകൾക്ക് അനുമതി ലഭിക്കൂ. നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വിമാനങ്ങൾ വാങ്ങാനും ഭാവിയിൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനും കമ്പനി ശ്രമിക്കും. കേരളമായിരിക്കും ആസ്ഥാനമെന്നും airkerala.com അറിയിച്ചിട്ടുണ്ട്. ആദ്യ വർഷം തന്നെ കേരളത്തിൽ മാത്രം 350 പേർക്ക് തൊഴിൽ നൽകുമെന്നും പ്രഖ്യാപനമുണ്ട്.

അൽഹിന്ദ് എയർ

കേരളം ആസ്ഥാനമായ അൽഹിന്ദ് ഗ്രൂപ്പിന്റെ അൽഹിന്ദ് എയറിനും ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ എയർലൈനുകളുടെ ജനറൽ സെയിൽസ് ഏജന്റ് കൂടിയാണ് അൽഹിന്ദ് ഗ്രൂപ്പ്.

200-500 കോടി രൂപ പ്രാഥമിക നിക്ഷേപത്തോടെ, ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകളാണ് അൽഹിന്ദ് നടത്തുക. തുടക്കത്തിൽ തിരുവനന്തപുരം-ചെന്നൈ, കൊച്ചി-ബെംഗളൂരു സർവീസുകളാണ് ലക്ഷ്യമിടുന്നത്. ഇതിനായി എ.ടി.ആർ വിമാനങ്ങൾ ഉപയോഗിക്കും. പിന്നീട് ഘട്ടംഘട്ടമായി അഖിലേന്ത്യാ തലത്തിലേക്കും അന്താരാഷ്ട്ര തലത്തിലേക്കും സർവീസുകൾ വ്യാപിപ്പിക്കും. വിദേശസർവീസുകൾക്ക് എയർ ബസിന്റെ എ 320 വിമാനങ്ങൾ പ്രയോജനപ്പെടുത്താനാണ് അൽഹിന്ദ് ഉദ്ദേശിക്കുന്നത്. ഇതിനായി രണ്ടുവർഷത്തിനകം 20ലേക്ക് വിമാനങ്ങളുടെ എണ്ണമുയർത്തും. എയർബസ്, ബോയിങ് എന്നിവയുമായി 100-240 സീറ്റുകളുള്ള നാരോ-ബോഡി വിമാനങ്ങൾക്കായി അവ് ഹിന്ദ് ഗ്രൂപ്പ് ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് സൂചനകൾ. കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കുമെന്നാണ് നിലവിൽ എയർ ടിക്കറ്റിംഗ്, ഹോളിഡേയ്സ്, ഹജ്ജ്-ഉംറ, മണി എക്സ്ചേഞ്ച് തുടങ്ങിയ സേവനങ്ങൾ നൽകുന്ന അൽഹിന്ദിന്റെ വാഗ്ദാനം.

മുമ്പേ പറന്ന ഈസ്റ്റ് വെസ്റ്റ്
ഇന്ത്യയിൽ ആഭ്യന്തര മേഖലയിൽ സർവീസ് തുടങ്ങിയ ആദ്യത്തെ സ്വകാര്യ വിമാന കമ്പനിയായിരുന്നു ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്. മുംബായ് ആസ്ഥാനമാക്കി, മലയാളിയായ വർക്കല ഓടയം സ്വദേശി തക്കിയുദ്ദീൻ വാഹിദിന്റെ നേതൃത്വത്തിലാണ് ഈസ്റ്റ് വെസ്റ്റ് എയർ ആരംഭിച്ചത്.1992ലായിരുന്നു ഈസ്റ്റ് വെസ്റ്റ് സർവീസുകളുടെ തുടക്കം. 70 കോടി രൂപയായിരുന്നു അന്ന് മുതൽ മുടക്ക്.

അന്ന് ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസ് നടത്താൻ എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും മാത്രം. പാട്ടവ്യവസ്ഥയിൽ വാങ്ങിയ ബോയിങ് 737-200 ആയിരുന്നു ഈസ്റ്റ് വെസ്റ്റിന്റെ ആദ്യവിമാനം. 1992 ഫെബ്രുവരി 28ന് ബോംബെയിൽ നിന്നു കൊച്ചിയിലേക്ക് ആദ്യ പറക്കൽ. മൂന്ന് ബോയിംഗ് 737 വിമാനങ്ങളുമായി സർവ്വീസ് ആരംഭിച്ച ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ആറുമാസം കൊണ്ട് 12 സെക്ടറുകളിലായി സർവ്വീസുകൾ വ്യാപിപ്പിച്ചു. ഇന്ത്യയ്ക്കകത്ത് 20 ഓഫീസുകളും കമ്പനിക്കു വേണ്ടി പ്രവർത്തിച്ചിരുന്നു. ഈസ്റ്റ് വെസ്റ്റിൽ ടിക്കറ്റ് ഉറപ്പാക്കാൻ യാത്രക്കാർ ഇടിച്ചുനിന്ന കാലം. പ്രബല ലോബികളിലും അധോലോക കേന്ദ്രങ്ങളിലും ശത്രുത ഉടലെടുക്കാൻ ഇതു ധാരാളമായിരുന്നു.

ഇതിനിടെ 1995 നവംബർ 13ന് മുംബായിലെ ഓഫീസിനു മുന്നിൽ വച്ച് തക്കിയുദ്ദീനെ ക്വട്ടേഷൻ സംഘം വെടിവച്ചു വീഴ്ത്തി. അകാലത്തിൽ പൊലിഞ്ഞ സ്ഥാപകന്റെ മൃതദേഹം വഹിക്കാനുള്ള ദുര്യോഗവും ഈസ്റ്റ് വെസ്റ്റിനുണ്ടായി.

തക്കിയുദ്ദീന്റെ വിയോഗ ശേഷം തുടർന്നു വന്ന കേസുകളും കിടമത്സരവും ഈസ്റ്റ് വെസ്റ്റ് എയർലൈൻസിനെ പതനത്തിലേക്ക് നയിച്ചു. 1996 ൽ കമ്പനി പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു.

മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലൂടെയാണ് ലോകവും രാജ്യവും കടന്നുപോകുന്നത്. കളത്തിലേക്ക് കൂടുതൽ കളിക്കാരെത്തുമ്പോൾ ഉപയോക്താവിന് നേട്ടമുണ്ടാകും. അതേസമയം മത്സരം ആരോഗ്യകരമായി നിലനിറുത്താൻ അതീവ ജാഗ്രത വേണം. അതിന് മുൻകാല എയർലൈനുകളുടെ വിജയപരാജയങ്ങൾ പാഠമാക്കണം. ചെലവുകുറഞ്ഞ യാത്ര എന്നു പറയുമ്പോൾ, നിരക്കു നിർണയമടക്കമുള്ള കാര്യങ്ങൾ ഏതെങ്കിലും വിമാനക്കമ്പനിയുടെ വരുതിയിൽ നിൽക്കുന്ന കാര്യമല്ലെന്നും ഓർമ്മിക്കണം. രാജ്യാന്തര മാനദണ്ഡങ്ങളും സാഹചര്യങ്ങളുമാണ് ഇന്ന് വ്യോമയാന മേഖലയെ നയിക്കുന്നത്.