dee

കൊൽക്കത്ത: ആർ.ജി.കർ മെഡിക്കൽ കോളജിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ നാല് സഹപ്രവർത്തകർക്ക് നുണപരിശോധന നടത്തിയേക്കും. ഇവരുടെ

മൊഴികൾ പരസ്പര വിരുദ്ധമായതിനാൽ നുണപരിശോധന വേണ്ടിവരുമെന്ന് സി.ബി.ഐ അറിയിച്ചു. ഇവരിൽ രണ്ട് ഒന്നാം വർഷ ബിരുദാനന്തര ട്രെയിനികളും ഒരു ഹൗസ് സർജനും ഒരു ഇന്റേണും ഉൾപ്പെടുന്നു. നാല് ഡോക്ടർമാരും കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നതായി തോന്നുന്നില്ല. എന്നാൽ തെളിവ് നശിപ്പിക്കുന്നതിലോ ഗൂഢാലോചനയിലോ പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്ന് സി.ബി.ഐ അറിയിച്ചു. ഇവരിൽ രണ്ട് പേരുടെ വിരലടയാളം മൃതദേഹം കണ്ടെത്തിയ മൂന്നാം നിലയിലെ സെമിനാർ ഹാളിൽ നിന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ഹൗസ് സർജൻ ഒന്നാം നിലയിൽ നിന്ന് മൂന്നാം നിലയിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. കൂടാതെ, ഇന്റേൺ മൂന്നാം നിലയിൽ ഉണ്ടായിരുന്നതായും അക്രമം നടന്നതിനു മുമ്പ് ഡോക്ടറുമായി സംസാരിച്ചതായും സി.ബി.ഐ കണ്ടെത്തി. ഇവർക്കൊപ്പം അത്താഴം കഴിച്ച ശേഷമാണ് ഡോക്ടർ സെമിനാർ ഹാളിലേക്ക് പോയത്.

ഒരു ജീവനക്കാരനെ നുണപരിശോധനയ്ക്ക് വിധേയനാക്കാനും സി.ബി.ഐ നീക്കമുണ്ട്. ആർ.ജി. കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിന്റെയുൾപ്പെടെ നുണ പരിശോധന നടത്താൻ സി.ബി.ഐ നേരത്തേ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതിന് പ്രത്യേക കോടതിയുടെ അനുമതിയും ലഭിച്ചു. കൊലപാതകത്തിൽ

സന്ദീപ് ഘോഷിനെതിരേ വ്യാപക വിമർശനമുയർന്നിരുന്നു. കൊലപാതകവിവരം മറച്ചുവക്കാൻ ശ്രമിച്ചെന്നും പ്രിൻസിപ്പലിന്റെ നടപടികളിൽ ദുരൂഹതയുണ്ടെന്നും ആരോപണമുയർന്നു.അതേസമയം രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. ഇന്നലെ ബംഗാളിലെ പൊലീസ് സ്റ്റേഷനുകളിൽ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

സഞ്ജയ് റോയ് ഡോക്ടറെ
പിന്തുടർന്നിരുന്നതായി സംശയം

പ്രതി സഞ്ജയ് റോയ് തലേന്നു മുതൽ ഡോക്ടറെ പിന്തുടർന്നിരുന്നതായി സംശയം. ആഗസ്റ്റ് എട്ടിന് രാവിലെ 11ന് നെഞ്ചുരോഗ വിഭാഗത്തിൽ നാല് ജൂനിയർ ഡോക്ടർമാർക്കൊപ്പം നിൽക്കുന്ന ഡോക്ടറെ പ്രതി നിരീക്ഷിക്കുന്നതായുള്ള സി.സി.ടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. 9നാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. പുലർച്ചെ ഒരു മണിക്ക് സെമിനാർ ഹാളിലേക്ക് യുവതി വിശ്രമിക്കാനായി പോയി. പിന്നാലെ ഒരു ജൂനിയർ ഡോക്ടർ 2.30ന് സെമിനാർ ഹാളിലെത്തി ഡോക്ടറോട് സംസാരിച്ചു. ഇദ്ദേഹം തിരിച്ചുപോയ ശേഷം യുവതി ഉറങ്ങാൻ കിടന്നു. തുടർന്ന് നാലോടെ സഞ്ജയ് റോയ് സെമിനാർ ഹാളിലേക്ക് കയറുന്നതിന്റെയും 4.40ന് തിരിച്ചിറങ്ങുന്നതിന്റെയും ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

അതേസമയം, പ്രതി ലൈംഗികവൈകൃതമുള്ളയാളും അശ്ലീലചിത്രങ്ങൾക്ക് അടിമയാണെന്നും സൈക്കോ അനാലിസിസ് പരിശോധനയിൽ വ്യക്തമായതായി ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.