samiti

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംസ്ഥാനത്തെ വിവിധ ദത്തെടുക്കൽ കേന്ദ്രങ്ങളിൽ പോറ്റമ്മമാരുടെ സ്‌നേഹവാത്സല്യ തണലിൽ വളർന്ന നൂറ് കുരുന്നുകളെ ദത്ത് നൽകി ശിശുക്ഷേമ സമിതി
സർവ്വകാല റിക്കാർഡിലേക്ക്. പുതിയ ഭരണസമിതി 2023 ഫെബ്രുവരി മാസം അവസാനം ചുമതലയേറ്റു ചുരുങ്ങിയ ഒന്നര വർഷം പിന്നിട്ടപ്പോഴാണ് സമിതി അപൂർവ്വ റിക്കാർഡിലേക്ക് കടന്നിരിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ നിന്നും എഴ് കുട്ടികൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പുതിയ മതാപിതാക്കളൊടൊപ്പം കൈപിടിച്ച് പടിയിറങ്ങിയപ്പൊഴാണ് ദത്ത് പോയവരുടെ എണ്ണം സെഞ്ചുറി തികഞ്ഞത്.


17കുട്ടികൾ വിദേശ രാജ്യങ്ങളിലേക്ക് ആണ് പോയത്. ഇതും സർവ്വകാല റിക്കാർഡാണ്. കേരളത്തിൽ 49 പേരും മറ്റ് സംസ്ഥാനങ്ങളിലേക്ക് 34 പേരും ദത്ത് പോയി. സ്വദേശത്തേക്ക് ഏറ്റവും അധികം കുട്ടികളെ മതാപിതാക്കൾ തങ്ങളുടെ ജീവതത്തോടൊപ്പം മക്കളായി സ്വീകരിച്ചത് തമിഴ് നാട്ടിൽ നിന്നാണ് 19 പേർ. ഇതാദ്യമായാണ് ഒന്നര വർഷം പൂർത്തിയാകും മുമ്പേ ഇത്രയധികം കുട്ടികളെ സനാഥത്ത്വത്തിന്റെ ലോകത്തിലേക്ക് കൈപിടിച്ച് ഉയർത്തിയതെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പറഞ്ഞു. അമ്മത്തൊട്ടിൽ വഴിയും മറ്റ് പലതരത്തിലും ലഭിക്കുന്ന കുരുന്നുകളെ വിവിധ പരിചരണ കേന്ദ്രങ്ങളിൽ മതിയായ പരിചരണവും സുരക്ഷയും നൽകി ദത്ത് നൽകൽ പ്രക്രിയ വളരെ സുതാര്യമാക്കി ദൃതഗതിയിൽ പൂർത്തീകരിച്ചതുകൊണ്ടാണ് ഇത്രയധികം കുട്ടികളെ കുട്ടികളില്ലാത്ത രക്ഷകർത്താക്കൾക്ക് ചുരുങ്ങിയ കാലയളവിൽ കൈമാറാൻ കഴിഞ്ഞതെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. ഇന്ത്യയ്ക്ക അകത്തു നിന്നും പുറത്തു നിന്നും കേന്ദ്ര അഡോപ്ഷൻ ഏജൻസിയായ കാര വഴിയാണ് ഓൺലൈനായി ദത്തെടുക്കൽ അപേക്ഷ നൽകുന്നത്. ഇതിൽ മുൻഗണനാക്രമ പ്രകാരം കാര നിർദ്ദേശ പ്രകാരം നിയമപരമായി നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാണ് ദത്ത് നൽകുന്നത്.
വിദേശത്തേക്ക് അമേരിക്ക (അഞ്ച്),ഇറ്റലി (നാല്) ഡെൻമാർക്ക് (നാല്), യു.എ.ഇ (മൂന്ന്) സ്വീഡൻ (ഒന്ന്)എന്നിങ്ങനെ പതിനേഴ് കുട്ടികളാണ് പറന്നത്. കേരളത്തിൽ 49 പേരും മറ്റ് സംസ്ഥാനങ്ങളിൽ ; തമിഴ്നാട് 19 ആന്ധ്രാ പ്രദേശ് 3, കർണ്ണാടക 7,
മഹാരാഷ്ട്ര1,
തെല്ലങ്കാന 2 പശ്ചിമ ബംഗാൾ 1,
പോണ്ടിച്ചേരി 1 എന്നിങ്ങനെ 34പേർ ദത്ത് പോയി. ആകെ ദത്ത് നൽകിയ കുട്ടികളിൽ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ നിന്നുമാണ് എറ്റുവും കൂടുതൽ പോയത്. ഇതും ചരിത്രത്തിൽ ആദ്യമായാണ്. ഉപേക്ഷിക്കുന്ന ബാല്യങ്ങളെ സ്വീകരിച്ച് പരിരക്ഷിക്കുവാൻ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരിരക്ഷയ്ക്കായി എത്തുന്നതും തിരുവനന്തപുരം അമ്മത്തൊട്ടിലിലാണ്.
പ്രത്യേക ശേഷി വിഭാഗത്തിലുള്ള കുട്ടികളെ ദത്തെടുക്കാൻ വിദേശ ദമ്പതികളൊടൊപ്പം
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലുള്ളവരും താൽപര്യം കാണിക്കുന്നുണ്ട്. ഇത്തരത്തിലുള്ള എട്ട് കുട്ടികളെയാണ് ദമ്പതികൾ ഈ വർഷം സ്വീകരിച്ചത്. ദത്തെടുക്കൽ നടപടിക്രമങ്ങൾ ഓൺലൈനാക്കിയതോടെയാണ് വിദേശത്തു നിന്നും കൂടുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്.സമിതിയുടെ കീഴിലുള്ള തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,മലപ്പുറം, കാസർകോട് എന്നീ ദത്തെടുക്കൽ കേന്ദ്രങ്ങൾ എറണാകുളം, പാലക്കാട് എന്നീ ശിശുപരിചരണ കേന്ദ്രങ്ങൾ, കോഴിക്കോട് പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളെ പാർപ്പിക്കുന്ന കേന്ദ്രം, തിരുവനന്തപുരത്ത് പുതുതായി പണി കഴിപ്പിച്ച വീട് ബാലികാ മന്ദിരം എന്നിവിടങ്ങളിലായി 217 കുട്ടികളാണ് നിലവിൽ പരിചരണയിലുള്ളത് ഇവരിൽ ഏതാനും പേർ കൂടി നടപടിക്രമങ്ങൾ അവസാനിച്ച് ഉടനെ ദത്ത് പോകും.
ബാക്കിയുള്ളവരുടെ സംരക്ഷണവും വിദ്യാഭ്യാസവും ഉൾപ്പെടെ നിർവഹിക്കുന്നത് സമിതിയാണ്. ശിശുദിന സ്റ്റാമ്പിൽ നിന്നുള്ള വിറ്റു വരവും സുമനസുകളുടെ സംഭാവനയുമാണ് സമിതിയുടെ വരുമാനമെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.


അനാഥമെന്ന വാക്കും സങ്കൽപ്പവും മറന്ന് എല്ലാ പേരെയും സനാഥരാക്കാൻ പരസ്പരം സഹായിക്കുകയും താങ്ങാകുകയും ചെയ്യുക എന്ന പ്രചരണത്തിന്റെ ഭാഗമായി താരാട്ട് എന്ന പേരിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കേരളം ഒരു ദത്തെടുക്കൽ സൗഹൃദ കേന്ദ്രമായി മാറ്റുന്നതിന് ജില്ലാതലങ്ങളിൽ ദത്തെടുക്കൽ അവബോധ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്.