കീവ്: ഏഴ് മണിക്കൂറിലേറെ നീണ്ട യുക്രെയിൻ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്രെയിനിൽ ചെലവഴിക്കേണ്ടി വന്നത് 20 മണിക്കൂറോളം. യുക്രെയിനിയൻ റെയിൽവേയ്സിന്റെ നിയന്ത്രണത്തിലുള്ള 'റെയിൽ ഫോഴ്സ് വൺ" എന്ന ആഡംബര ട്രെയിനിലാണ് അദ്ദേഹം ഇന്നലെ രാവിലെ കീവിലെത്തിയത്. പോളണ്ടിലെ അതിർത്തി പ്രദേശമായ ഷെമിഷെലിൽ നിന്ന് പ്രാദേശിക സമയം വ്യാഴാഴ്ച രാത്രിയാണ് യുക്രെയിനിലേക്ക് പുറപ്പെട്ടത്. പത്ത് മണിക്കൂർ കൊണ്ട് 700 കിലോമീറ്റർ പിന്നിട്ട് കീവിലെത്തി. സന്ദർശനം പൂർത്തിയാക്കിയ അദ്ദേഹം ഇതേ ട്രെയിനിൽ തന്നെ പോളണ്ടിലേക്ക് എത്തിയ ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചത്. പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ഷെമിഷെൽ. യുദ്ധ മേഖലയായതിനാലും സുരക്ഷാ പ്രോട്ടോക്കോൾ പരിഗണിച്ചും മോദിയുടെ യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിരുന്നില്ല. റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യോമപാത അടച്ചിരിക്കുന്നതിനാൽ ട്രെയിൻ മാർഗമാണ് വിദേശ നേതാക്കളും ഉദ്യോഗസ്ഥരും യുക്രെയിനിലെത്തുന്നത്. കഴിഞ്ഞ വർഷം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കീവ് സന്ദർശനത്തിന് എയർ ഫോഴ്സ് വൺ വിമാനത്തിന് പകരം ആശ്രയിച്ചത് ഇതേ ട്രെയിനെയാണ്. ഇതോടെയാണ് യുക്രെയിൻ പതാകയുടെ നീലയും മഞ്ഞയും നിറത്തിലുള്ള ട്രെയിൻ റെയിൽ ഫോഴ്സ് വൺ എന്ന് അറിയപ്പെട്ട് തുടങ്ങിയത്. പോളണ്ട്, സ്ലോവേനിയ, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരാണ് കീവിലെത്താൻ ആദ്യമായി ഈ ട്രെയിൻ തിരഞ്ഞെടുത്ത വിദേശ നേതാക്കൾ. 2022ലായിരുന്നു ഇത്.
ഡീസൽ ട്രെയിൻ ആയതിനാൽ യാത്രാ സമയം നീളുമെങ്കിലും യാത്രാമദ്ധ്യേ തടസം നേരിടുന്നില്ല. യുക്രെയിനിലെ വൈദ്യുതി കേന്ദ്രങ്ങളെ റഷ്യ നിരന്തരം ആക്രമിക്കുന്നുണ്ട്. ആഡംബര ഹോട്ടലിന് സമാനമായ ട്രെയിനിലെ സൗകര്യങ്ങളും സുരക്ഷയും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയിൽ ഇടംനേടിയിരുന്നു.