pic

വാഷിംഗ്ടൺ : യു.എസിനെ ട്രംപ് യുഗത്തിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്ന് കമലാ ഹാരിസ്. ഇന്നലെ ഷിക്കാഗോയിൽ അവസാനിച്ച ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ പാർട്ടിയുടെ പ്രസിഡന്റ് നോമിനേഷൻ ഔദ്യോഗികമായി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു കമല. താൻ പ്രസിഡന്റായാൽ എല്ലാ മേഖലയിലും അമേരിക്കയുടെ വിജയം ഉറപ്പാക്കുമെന്നും രാജ്യത്ത് ഗർഭച്ഛിദ്റ നിയമം നടപ്പാക്കുമെന്നും കമല പ്രഖ്യാപിച്ചു.

മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് ഒട്ടും ഗൗരവമില്ലാത്ത ആളാണെന്ന് കമല കുറ്റപ്പെടുത്തി. 'ട്രംപിന്റെ ഭരണകാലം അക്രമങ്ങളും കു​റ്റകൃത്യങ്ങളും നിറഞ്ഞതായിരുന്നു. ലൈംഗിക കു​റ്റാരോപണം വരെ ട്രംപിന്റെ പേരിലുണ്ട്.

പ്രസിഡന്റിന്റെ അധികാരം സ്വന്തം കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ട്രംപ് ഉപയോഗിച്ചത്. ഇനി ആ യുഗം ആവർത്തിക്കാൻ അനുവദിക്കില്ല. യു.എസിൽ ട്രംപ് തിരിച്ചെത്തില്ല." ഇന്ത്യൻ വംശജയായ മാതാവ് ശ്യാമള ഗോപാലന്റെ യു.എസിലേക്കുള്ള കുടിയേറ്റം അടക്കം തന്റെ ജീവിത കഥയും കമല പ്രസംഗത്തിനിടെ പരാമർശിച്ചു.

അതേ സമയം, ഗാസയിൽ വെടിനിറുത്തലിനെ പിന്തുണയ്ക്കുമെന്ന് കമല പ്രഖ്യാപിച്ചു. ഒപ്പം ഇസ്രയേലിന്റെ സ്വയം പ്രതിരോധം ഉറപ്പാക്കാൻ സഹായിക്കുമെന്നും കൂട്ടിച്ചേർത്തു. പ്രസിഡന്റ് ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതോടെയാണ് വൈസ് പ്രസിഡന്റ് കമലയ്ക്ക് ഡെമോക്രാറ്റിക് ടിക്കറ്റ് ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ടാൽ യു.എസ് ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് എന്ന നേട്ടം കമലയ്ക്ക് സ്വന്തമാകും. നിലവിൽ അഭിപ്രായ സർവേകളിൽ ട്രംപിനേക്കാൾ മികച്ച മുന്നേറ്റമാണ് കമലയ്ക്ക്.