durand-cup
കേരള ബ്ലാസ്റ്റ്‌ഴേസ് - ബംഗളൂരു എഫ്.സി മത്സരത്തില്‍ നിന്ന്‌

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനല്‍ മോഹങ്ങള്‍ ഒറ്റയടിക്ക് തല്ലിക്കെടുത്തി ചിരവൈരികളായ ബംഗളൂരു എഫ്.സി. വിഖ്യാതമായ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്‍ഡിലാണ് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം യോര്‍ഹെ പെരേര ഡിയാസിന്റെ ഗോളില്‍ ബംഗളൂരു എഫ്‌സി വിജയിച്ചത്. മത്സരത്തിലുടനീളം ബംഗളൂരുവാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.

ബിഎഫ്‌സിയുടെ പല നീക്കങ്ങളും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധിച്ചെങ്കിലും നിരന്തരം അവര്‍ കേരളത്തിന്റെ ഗോള്‍മുഖം ലക്ഷ്യമാക്കി മുന്നേറിക്കൊണ്ടിരുന്നു. ഒടുവില്‍ എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ച സമയത്താണ് ഡിയാസിന്റെ ഗോള്‍ വീണത്. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടറില്‍ എത്തിയത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയും സ്വന്തമാക്കി. മറുവശത്ത് കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് ബിഎഫ്‌സി ക്വാര്‍ട്ടറിലെത്തിയത്.

മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ സോം കുമാര്‍ പരുക്കേറ്റ് ഗ്രൗണ്ടില്‍ നിന്നു മടങ്ങി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിശ്വസ്തനായ യുവ ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷാണ് പിന്നീട് വല കാത്തത്. പെരേര ഡിയാസുമായി കൂട്ടിയിടിച്ചാണ് സോം കുമാറിന് പരിക്കേറ്റത്. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ പഞ്ചാബ് എഫ്‌സിയെ തോല്‍പ്പിച്ച് മോഹന്‍ ബഗാനും സെമിയില്‍ പ്രവേശിച്ചു. 3-3ന് സമനില പാലിച്ച ശേഷം സഡന്‍ ഡെത്തിലായിരുന്നു മറീനേഴ്‌സിന്റെ ജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഷില്ലോങ് ലജോങ് എന്നിവര്‍ തമ്മിലാണ് മറ്റൊരു സെമി ഫൈനല്‍ മത്സരം.