k-store
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഓണത്തിന് മുമ്പ് സംസ്ഥാനത്ത് ആയിരം കെ-സ്റ്റോറുകള്‍ തുറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജി.ആര്‍ അനില്‍. നെടുമങ്ങാട് താലൂക്കിലെ മുക്കോലയ്ക്കലും വേങ്കോടും കെ സ്റ്റോര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ ആശ്രയിക്കുന്ന ദൈനംദിന സേവനങ്ങളും സാധനങ്ങളും റേഷന്‍ കടകളിലൂടെ ലഭ്യമാക്കുകയാണ് കെ സ്റ്റോറുകളുടെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. കെ സ്റ്റോറുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. അമിതമായ വിലവര്‍ധനക്കെതിരെയുള്ള സര്‍ക്കാരിന്റെ ഇടപെടലുകളാണ് കെ സ്റ്റോറുകളെന്നും മന്ത്രി പറഞ്ഞു.

നെടുമങ്ങാട് നഗരസഭാ പരിധിയില്‍ മുക്കോലയ്ക്കലുള്ള 260ാം നമ്പര്‍ റേഷന്‍കടയും, കരകുളം ഗ്രാമപഞ്ചായത്തിലെ വേങ്കോടുള്ള 70ാം നമ്പര്‍ റേഷന്‍ കടയുമാണ് കെ-സ്റ്റോറുകളായി മാറ്റിയത്. പശ്ചാത്തലസൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ സേവനങ്ങള്‍ ഒരുക്കിയുമാണ് റേഷന്‍ കടകളെ കെ-സ്റ്റോറുകളാക്കുന്നത്. നിലവില്‍ റേഷന്‍ കാര്‍ഡുകള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ ശബരി, മില്‍മ ഉത്പന്നങ്ങളും അഞ്ച് കിലോ തൂക്കമുള്ള മിനി ഗ്യാസ് സിലിണ്ടറുകളും കെ-സ്റ്റോറുകളില്‍ ലഭിക്കും.

ഇലക്ട്രിസിറ്റി ബില്‍, ടെലഫോണ്‍ ബില്‍ എന്നിവയുടെ അടവ്, പഞ്ചായത്ത് വില്ലേജ്-സപ്ലൈ ഓഫീസുകളില്‍ നിന്നുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉള്‍പ്പെടെ 52 ഇനം സേവനങ്ങള്‍, 10,000 രൂപ വരെയുള്ള ബാങ്കിങ് സൗകര്യങ്ങള്‍ എന്നിവയും കെ-സ്റ്റോറിലുണ്ട്.