f

കഷ്ടപ്പെട്ട് വീടുപണി തീർത്താലും പിന്നെ വീട്ടുടമ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് വീടിന്റെ ഉൾഭാഗം അലങ്കരിക്കുക എന്നത്. ചെലവ് ചുരുങ്ങിയ രീതിയിൽ, എന്നാൽ കാഴ്ചയിൽ വേറിട്ടുനിൽക്കുന്ന തലത്തിൽ വീട് മോടി പിടിപ്പിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇത്തരത്തിൽ വീട് മോടി പിടിപ്പിക്കുമ്പോൾ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കർട്ടനുകൾ.

ഇപ്പോൾ തുണികൊണ്ടുള്ള കർട്ടനുകൾ വീടുകളിൽ നിന്നും പുറത്തായ മട്ടാണ്. പകരം ലൂപ്പ് കർട്ടൻ, നൂൽ കർട്ടൻ, ബാംബൂ കർട്ടൻ തുടങ്ങിയവയ്ക്കാണ് വിപണി വർദ്ധിച്ചു വരുന്നത്. കാഴ്ചയിലെ വ്യത്യസ്തതയും ഈടും കൈകാര്യം ചെയ്യുന്നതിനുള്ള എളുപ്പവുമാണ് ലൂപ്പ് കർട്ടൻ, നൂൽ കർട്ടൻ, ബാംബൂ കർട്ടൻ എന്നിവയെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് ലൂപ്പ് കർട്ടൻ വാങ്ങാനാണ്. കർട്ടൻ പ്ലീറ്റ് ഇടാതെ വിവിധ തരത്തിലുള്ള ലൂപ്പുകൾ പിടിപ്പിച്ച് തയ്ക്കുന്ന ഈ രീതി ഏറ്റവും ലളിതമായി കർട്ടനടിക്കുന്ന രീതിയാണ്. ഒരു വീടിന്റെ സ്വീകരണമുറി അലങ്കരിക്കുന്നതിന് ഇത് അനുയോജ്യമാണ്.

വീടുകൾക്കു പുറമെ ഓഫീസുകൾക്കും ഒരുപോലെ ഇണങ്ങുന്ന ഒന്നാണ് ലൂപ്പ് കർട്ടനുകൾ. ലൂപ്പ് കർട്ടനുകൾക്ക് ഭംഗി വർദ്ധിപ്പിക്കുന്നതിനായി അതിൽ വിവിധ തരത്തിലുള്ള ഹാംഗിംഗുകളും ചേർക്കാറുണ്ട്. പല നിറങ്ങളിലും വലുപ്പത്തിലും ലൂപ്പ് കർട്ടനുകൾ ഇന്ന് ലഭ്യമാണ്. ചെലവിൽ ലാഭം നോക്കിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഓൺലൈൻ സൈറ്റുകൾ ഉപകാരപ്പെടും. വീടുകൾക്കകത്ത് ഒരു നേച്ചർ ഫ്രണ്ട്ലി ലുക്ക് സമ്മാനിക്കുന്ന ഒന്നാണ് മുളകൊണ്ടുള്ള കർട്ടനുകൾ.

കാലങ്ങളായി കേരളത്തിൽ നിർമിച്ചതും ഉപയോഗിച്ചതും വരുന്നവയാണ് മുളകൊണ്ടുള്ള കർട്ടനുകൾ. വെയിൽ അധികം അകത്തേക്ക് കടക്കുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെ ഇത്തരത്തിലുളള കർട്ടനുകൾ ധാരാളമായി ഉപയോഗിച്ച് വരുന്നു. മുറിക്കുള്ളിൽ വായുവിന്റെ തോത് നിലനിർത്തുന്നതിനും ഇത്തരം കർട്ടനുകൾ സഹായിക്കുന്നു.

നൂലുകൊണ്ടുള്ള കർട്ടനുകളാണ് ഇപ്പോൾ ട്രെൻഡിങ്ങിൽ ഇരിക്കുന്ന മറ്റൊന്ന്. എന്നാൽ മറയാകുക എന്ന ഉദ്ദേശത്തോടെ കർട്ടനുകൾ ഇടുന്നവർക്ക് പറ്റിയ രീതിയല്ല ഇത്. വളരെയേറെ ആർട്ടിസ്റ്റിക്കായ തലത്തിലുള്ള ഒന്നാണ് നൂലുകൊണ്ടുള്ള കർട്ടനുകൾ. വീടിന്റെ ഭിത്തിക്ക് ചേരുന്നതും കോൺട്രാസ്റ്റ് ആയതുമായ നിറങ്ങളിലുള്ള നൂൽ കർട്ടനുകളാണ് ഉപയോഗിക്കുന്നത്.