റോം: ഇറ്റലിയിലെ സിസിലിയിൽ ആഡംബര ബോട്ട് അപകടത്തിൽപ്പെട്ട ബ്രിട്ടീഷ് കോടീശ്വരൻ മൈക്ക് ലിഞ്ചിന്റെ മകൾ ഹന്ന ലിഞ്ചിന്റെ (18) മൃതദേഹം കണ്ടെത്തി. മൈക്ക് ലിഞ്ചും ഹന്നയും അടക്കം ഏഴ് പേരാണ് തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. യു.കെയിലെ മോർഗൻ സ്റ്റാൻലി ബാങ്ക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ ചെയർമാൻ ജോനാഥൻ ബ്ലൂമർ, ഭാര്യ ജൂഡിത്ത്, ലിഞ്ചിന്റെ അഭിഭാഷകനും യു.എസ് പൗരനുമായ ക്രിസ് മോർവില്ലോ, ജ്വല്ലറി ഡിസൈനറായ ഇദ്ദേഹത്തിന്റെ ഭാര്യ നെഡ, ബോട്ടിലെ ഷെഫ് റെക്കാൾഡോ തോമസ് എന്നിവരാണ് മരിച്ച മറ്റുള്ളവർ. ഹന്ന ഒഴികെ മറ്റുള്ളവരുടെ മൃതദേഹങ്ങൾ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി കണ്ടെത്തുകയായിരുന്നു. റെക്കാൾഡോയുടെ മൃതദേഹം തിങ്കളാഴ്ച തന്നെ ലഭിച്ചിരുന്നു. ശക്തമായ കാറ്റിനെ തുടർന്ന് സിസിലിയിൽ നിന്ന് 700 മീറ്റർ അകലെ വച്ചാണ് ഇവർ സഞ്ചരിച്ച 'ബേസിയൻ" എന്ന ആഡംബര ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങിയത്. ലിഞ്ചിന്റെ ഭാര്യ ആഞ്ചല അടക്കം 15 പേർ രക്ഷപ്പെട്ടു. അപകടത്തിൽ ഇറ്റാലിയൻ അധികൃതർ അന്വേഷണം തുടരുകയാണ്.