തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ഇന്ദ്രൻസ്. താൻ ആരുടെയും വാതിൽ മുട്ടിയിട്ടില്ലെന്നും ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും എരുവും പുളിയുമൊക്കെ വേണ്ടേയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാലത്തും ഇങ്ങനെയൊക്കെ നടന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പത്രത്തിലൂടെയാണ് എല്ലാം അറിയുന്നത്. ഒരാഴ്ചയായിട്ട് അങ്ങനെ നോക്കാൻ പറ്റിയിട്ടില്ല. ഇങ്ങനെയൊക്കെ പറഞ്ഞുകേൾക്കുന്നുണ്ട്. എല്ലാ കാലത്തും ഇങ്ങനെയൊക്കെ നടന്നുകൊണ്ടിരിക്കും. ഇടയ്ക്കിടയ്ക്ക് ഒരു എരിവും പുളിയുമൊക്കെ വേണ്ടേ. അതിനുവേണ്ടിയാ. അതിനുവേണ്ടിയാണ്, അല്ലാതെ അത് കാരണം സിനിമാ മേഖലയ്ക്ക് ദോഷമൊന്നും വരില്ല. നല്ലതാ. സർക്കാർ വേണ്ടതുപോലെ ചെയ്യുമായിരിക്കും.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഏത് മേഖലയിലായാലും നടപടി ആവശ്യമാണല്ലോ. നമ്മുടെ സംഘടനയിലും സിനിമയിലും ആണുങ്ങളേക്കാൾ കൂടുതൽ പെണ്ണുങ്ങളാണ്. പുതിയ കുട്ടികളൊക്കെ ഒരുപാടുണ്ട്. എല്ലാവരും നല്ലരീതിയിൽ പോകുന്നുണ്ട്. പിന്നെ പരാതികളൊക്കെയുണ്ടെങ്കിൽ അത് അന്വേഷിക്കുകയൊക്കെ ചെയ്യട്ടേ. നടിമാരുടെ വാതിലിന് മുട്ടിയോ എന്നൊന്നും അറിയില്ല. സത്യായിട്ടും ഞാൻ മുട്ടിയില്ല. നമുക്കതൊന്നുമറിയില്ല. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണം.'- ഇന്ദ്രൻസ് പറഞ്ഞു.
രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോടും ഇന്ദ്രൻസ് പ്രതികരിച്ചു. 'എനിക്ക് ഇപ്പോഴുള്ള മലയാളി നടികളെപ്പോലും അറിയില്ല. പിന്നല്ലേ ബംഗാളി നടി. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയുമൊക്കെ പേരിൽ ഓരോരുത്തർക്കും എന്തും പറയാലോ. നേതൃസ്ഥാനത്തൊക്കെ ഇരിക്കുന്നവരെക്കുറിച്ചുള്ള ആരോപണങ്ങൾ ചർച്ചയാകുമല്ലോ. എനിക്കതിനെപ്പറ്റി ഒന്നും അറിയില്ല. എങ്കിലും ചോദിക്കുമ്പോൾ എന്തെങ്കിലുമൊക്കെ പറയാണ്ടിരിക്കുന്നതും അവഗണിക്കുന്നതുപോലെയാകില്ലേ. അതുകൊണ്ട് പറയുന്നതാണ്. ആരോപണം ശരിയാണെങ്കിൽ നമ്മളൊക്കെ ഇല്ലേ, വിടുമോ അവരെ. നമുക്ക് നോക്കാം. നമ്മുടെ നിയമവ്യവസ്ഥയൊക്കെ ശക്തമാണ്. ശുഭപ്രതീക്ഷയാണ്.'- ഇന്ദ്രൻസ് പറഞ്ഞു.