ന്യൂഡൽഹി: പനി, ജലദോഷം, വേദന, അലർജി എന്നിവയ്ക്ക് വ്യാപകമായി ഉപയോഗിച്ചിരുന്ന 156 ഫിക്‌സഡ് ഡോസ് കോംബിനേഷൻ (എഫ്‌ഡിസി) മരുന്നുകൾ നിരോധിച്ച് കേന്ദ്രം. മനുഷ്യരിൽ ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.
ഒരു നിശ്ചിത അനുപാതത്തിൽ രണ്ടോ അതിലധികമോ ഫാർമസ്യൂട്ടിക്കൽ ചേരുവകൾകൊണ്ട് നിർമിക്കുന്നതാണ് എഫ്‌ഡിസി മരുന്നുകൾ. കോക്‌ടെയിൽ മരുന്നുകൾ എന്നും ഇവ അറിയപ്പെടുന്നു. ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വസൈറി ബോർഡിനെ ഉൾപ്പെടുത്തി രൂപീകരിച്ച വിദഗ്ദ്ധ സമിതിയാണ് മനുഷ്യന്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 156 മരുന്നുകൾ നിരോധിക്കാനുള്ള തീരുമാനം കൈകൊണ്ടത്. 1940ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമത്തിലെ സെക്ഷൻ 26 എ പ്രകാരമാണ് നിരോധനം.
അസിക്ളോഫിനാക് 50 എംജിയും പാരസെറ്റമോൾ 125 എംജിയും അടങ്ങിയ ഗുളിക എന്നിവയും നിരോധിക്കപ്പെട്ട സംയുക്തങ്ങളിൽ ഉൾപ്പെടുന്നു. പാരസെറ്റമോൾ, ട്രമഡോൽ, ടോറിൻ, കഫീൻ എന്നിവയുടെ സംയുക്തങ്ങളും നിരോധിക്കപ്പെട്ടവയിലുണ്ട്. മെഫെനാമിക് ആസിഡ് + പാരസെറ്റമോൾ കുത്തിവയ്പ്പ്, സെറ്റിറൈസിൻ എച്ച്സിഎൽ + പാരസെറ്റമോൾ + ഫെനൈൽഫ്രിൻ എച്ച്സിഎൽ, ലെവോസെറ്റിറൈസിൻ + ഫെനൈലെഫ്രിൻ എച്ച്സിഎൽ + പാരസെറ്റമോൾ, പാരസെറ്റമോൾ + ക്ലോർഫെനിറാമൈൻ മലേറ്റ് + ഫിനൈൽ പ്രൊപനോലമൈൻ, കാമിലോഫിൻ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം + പാരസെറ്റമോൾ 25 മില്ലിഗ്രാം എന്നിവയാണ് നിരോധിച്ചവയിൽ ഉൾപ്പെടുന്ന മറ്റ് മരുന്നുകൾ. ഇത്തരം മരുന്നുകൾക്ക് സുരക്ഷിതമായ മറ്റ് പകരക്കാർ ലഭ്യമാണെന്നും നിരോധനമേർപ്പെടുത്തി കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.