അബുദാബി: കേരളത്തിൽ നിന്നടക്കം അനേകം പ്രവാസികളാണ് ജോലി തേടി ദിവസേന യുഎയിലെത്തുന്നത്. യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലും അനേകം പ്രവാസികൾ ജീവിക്കുന്നുണ്ട്. എന്നാലിപ്പോൾ പ്രവാസികൾക്ക് തിരിച്ചടിയാവുന്ന പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഔദ്യോഗിക വാടക സൂചിക അവതരിപ്പിച്ചതിന് പിന്നാലെ അബുദാബിയിൽ വാടക നിരക്ക് 30 ശതമാനംവരെ വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
വാടക സൂചിക അവതരിപ്പിച്ചതോടെ ഉടമകൾ വാടക നിരക്കിൽ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. താമസ സൗകര്യങ്ങൾക്ക് ഡിമാൻഡ് വർദ്ധിച്ചതോടെയാണിത്. അതേസമയം, ഔദ്യോഗിക സൂചികയേക്കാൾ വാടക കൂടുതലുള്ള പ്രദേശങ്ങളിൽ നിരക്ക് കുറവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാനുള്ള അവസരവും പുതിയ പദ്ധതി നൽകുന്നു.
ദാഫ്ര, അബുദാബി, അൽ ഐൻ മേഖലകൾ ഉൾക്കൊള്ളുന്ന ആദ്യത്തെ ഔദ്യോഗിക വാടക സൂചിക കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് റിയൽ എസ്റ്റേറ്റ് റെഗുലേറ്റർ ബോർഡായ അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ പുറത്തിറക്കിയത്. സൂചികയിലൂടെ, വസ്തു വാങ്ങുന്നവർക്കും വാടകക്കാർക്കും സ്ഥലത്തിനും കിടപ്പുമുറികളുടെ എണ്ണവും അനുസരിച്ച് വാടക മൂല്യങ്ങൾ പരിശോധിക്കാൻ കഴിയും.
അപ്പാർട്ട്‌മെന്റുകൾക്ക് വാടകനിരക്ക് രണ്ട് ശതമാനംവരെ ഉയർന്നതായും വികസിത പ്രദേശങ്ങളിൽ പത്ത് ശതമാനംവരെ വർദ്ധിച്ചതായും റിയൽ എസ്റ്റേറ്റ് ഏജൻസിയായ ആസ്‌റ്റെകോ കൺസൾട്ടൻസി വ്യക്തമാക്കി.
അബുദാബിയിൽ പുതുക്കുന്ന വാടക വർദ്ധനയ്ക്ക് അഞ്ച് ശതമാനം പരിധി ഉള്ളതിനാൽ നിലവിലുള്ള വാടകക്കാരെ നിരക്ക് വർദ്ധനവ് പെട്ടെന്ന് ബാധിച്ചേക്കില്ല. എമിറേറ്റിൽ സ്ഥിരതാമസമാക്കുന്ന പുതിയ വാടകക്കാരിൽ നിന്നുള്ള ഉയർന്ന ഡിമാൻഡ് കാരണം സാദിയാത്ത് ദ്വീപ് പോലെയുള്ള ചില ജനപ്രിയ പ്രദേശങ്ങളിലെ വാടക നിരക്കിൽ കഴിഞ്ഞ വർഷം ഗണ്യമായ വർദ്ധനവ് ഉണ്ടായിരുന്നു. അബുദാബിയിലെ ജനസംഖ്യ കഴിഞ്ഞ വർഷം 3.8 ദശലക്ഷമാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള എമിറേറ്റായി മാറയിരിക്കുകയാണ് അബുദാബി.