കോട്ടയം: ഒന്നുകിൽ മക്കൾ വിദേശത്ത്. അതല്ലെങ്കിൽ ഒപ്പം കൂട്ടാൻ കഴിയാത്ത അവസ്ഥ. പ്രായമായ മാതാപിതാക്കളെ എന്തു ചെയ്യും? അനാഥാലയങ്ങളിലും ഓൾഡ് ഏജ് ഹോമുകളിലുമാക്കിയെന്ന പരാതിക്ക് പരിഹാരമൊരുക്കുന്ന ഫൈവ് സ്റ്റാർ സൗകര്യങ്ങളുള്ള റിട്ടയർമെന്റ് ഹോമുകൾ ജില്ലയിലും സജീവമാവുകയാണ്. കൊവിഡിന് ശേഷം വിദേശകുടിയേറ്റം ഏറ്റവും കൂടുതൽ നടന്ന ജില്ലയിൽ മികച്ച നിക്ഷേപമായാണ് സംരഭകരും ഇതിനെ കാണുന്നത്. സർക്കാരിന്റെ അഗതിമന്ദിരങ്ങളിൽ വൃദ്ധമാതാപിതാക്കളുടെ എണ്ണം കൂടുന്നതിനൊപ്പമാണ് അത്യാധുനിക ആഡംബരങ്ങളോടെയുള്ള റിട്ടയർമന്റ് ഹോമുകളുടേയും വളർച്ച. നിശ്ചിതതുക സെക്യൂരിയായി നൽകിയാൽ മരണം വരെ പൊന്നുപോലെ നോക്കുമെന്നതാണ് പ്രത്യേകത. മുൻകൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണവും കൂടി.
ഇതാണ് പുതിയ ട്രെൻഡ്
പ്രായമായാൽ ഇനി മക്കൾക്കൊപ്പം എന്നും കഴിയാൻ കഴിയില്ലെന്ന കാര്യം മാതാപിതാക്കളും ഉൾക്കൊണ്ടുകഴിഞ്ഞു. മക്കൾക്ക് ഭാരമാവാതെ സന്തോഷത്തോടെ ജീവിക്കാം. മക്കളെത്തിയാൽ ഒപ്പം കഴിയാം. വിവിധ പാക്കേജുകളിൽ നല്ല ഭക്ഷണവും വസ്ത്രവും വിനോദോപാധികളും പരിപാലിക്കാൻ ആളുകളും ചികിത്സാ സൗകര്യങ്ങളുമെല്ലാമായി സ്വർഗതുല്യജീവിതം. സെക്യൂരിറ്റി തുക കൊടുത്ത ശേഷം മാസംതോറും വാടകപോലെ ഒരു തുക നൽകാം. അത്തരം പാക്കേജുകളിൽ മുറി ഒഴിഞ്ഞാൽ ആദ്യ തുകയുടെ നിശ്ചിത ശതമാനം തിരികെ ലഭിക്കും. ജീവിതാവസാനം വരേയ്ക്കും നിശ്ചിത തുക നൽകുന്ന രീതിയുമുണ്ട്. അത്തരം പാക്കേജുകളിൽ സെക്യൂരിറ്റി തുക സ്ഥാപനങ്ങൾക്കുള്ളതാണ്.
റിട്ടയർമെന്റ് ഹോമുകൾക്ക് ഡിമാൻഡ്
മാതാപിതാക്കളെ പരിപാലിക്കാൻ പുതുതലമുറയ്ക്ക് സാധിക്കുന്നില്ല
പുതിയ കോഴ്സുകൾ, അവയുടെ ജോലി സാദ്ധ്യത
വിദേശ കുടിയേറ്റം, മാതാപിതാക്കളെ കൂട്ടാനുള്ള അസൗകര്യം
കൊവിഡിന് ശേഷം 13
കൊവിഡിന് ശേഷം മാത്രം ജില്ലയിൽ റിട്ടയർമെന്റ് ഹോമുകളുൾപ്പെടെ പ്രായമായവരെ സംരക്ഷിക്കുന്ന ചെറുതും വലുതുമായ 13 സ്ഥാപനങ്ങൾ തുടങ്ങി.
ജില്ലയിലെ വൃദ്ധമന്ദിരങ്ങളിൽ കഴിയുന്നവർ: 1735
''വയസായവരെ ഓൾഡ് ഏജ് ഹോമിൽ ഉപേക്ഷിച്ചു എന്നൊക്കെയുള്ള കപട സദാചാര വർത്തമാനങ്ങൾ ഉപേക്ഷിക്കേണ്ട സമയമായി. മാതാപിതാക്കൾ സാഹചര്യം മനസിലാക്കിത്തുടങ്ങി''-മുരളി തുമ്മാരക്കുടി, സാമൂഹ്യ നിരീക്ഷകൻ