കീവ്: യൂറോപ്പിൽ തുടരുന്ന റഷ്യ-യുക്രെയിൻ പോരാട്ടത്തിൽ നയം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയിനിലെ തന്റെ ആദ്യ സന്ദർശനത്തിന് ശേഷം സംസാരിക്കവെയാണ് മോദി ഇന്ത്യയുടെ നയം അറിയിച്ചത്. 'ഇന്ത്യ നിഷ്‌പക്ഷരല്ല. തുടക്കം മുതലെ ഞങ്ങളൊരു പക്ഷം ചേർന്നു. സമാധാനത്തിന്റെ വശമാണ് ഞങ്ങൾ തിരഞ്ഞെടുത്തത്.യുദ്ധത്തിന് ഇടമില്ലാത്ത ശ്രീബുദ്ധന്റെ നാട്ടിൽ നിന്നാണ് ഞാൻ വന്നത്.' മോദി പറഞ്ഞു.
യുഎൻ ചാർട്ടർ അടക്കം അന്താരാഷ്‌ട്ര നിയമതത്വങ്ങൾ പാലിക്കുന്നതിന്റെ സന്നദ്ധത മോദിയും യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയും അംഗീകരിച്ചതായും ഇക്കാര്യത്തിൽ ഉഭയകക്ഷി ചർച്ചയുടെ ആവശ്യകത അവർ അംഗീകരിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. രാജ്യം 1991ൽ രൂപീകൃതമായ ശേഷം ഇവിടെയെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. പ്രത്യേക ട്രെയിനിലാണ് അദ്ദേഹം യുക്രെയിനിൽ എത്തിയത്.
യുക്രെയിനിലെ കലാപം അവസാനിക്കുന്നതിന് എന്തുതരം ചർച്ചയ്‌ക്കും ഇന്ത്യ തയ്യാറാണെന്നും താൻ വ്യക്തിപരമായി തന്നെ അതിന് തയ്യാറാണെന്നും സെലൻസ്‌കിയുമായി ചർച്ചയ്‌ക്ക് ശേഷം മോദി അറിയിച്ചു. ഇന്ത്യ-യുക്രെയിൻ വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ സംഘർഷത്തിന് മുൻപുള്ള നിലയിലേക്ക് എത്തിക്കാനും അവ ആഴത്തിലും വിപുലമായതുമായി മാറ്റാനും ഇന്ത്യ-.യുക്രെയിനിയൻ ഇന്റർ ഗവൺമെന്റൽ കമ്മിഷനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.
ഇന്ത്യയും യുക്രെയിനും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം, ഉഭയകക്ഷി വ്യാപാരം, സൈനിക സാങ്കേതിക സഹകരണം എന്നിവയിൽ ശ്രദ്ധയൂന്നുന്ന പ്രസ്‌താവനയും യുക്രെയിൻ പ്രസിഡന്റ് മോദിയുമായി ചർച്ച നടത്തിയ ശേഷം പുറത്തിറക്കിയിരുന്നു.