renjith

തിരുവനന്തപുരം: നടി ശ്രീലേഖ മിത്ര നടത്തിയ ഗുരുതര വെളിപ്പെടുത്തലിന് പിന്നാലെ സംവിധായകൻ രഞ്‌ജിത്ത് ഔദ്യോഗിക സ്ഥാനത്തുനിന്ന് പുറത്തേക്കെന്ന് സൂചന. സംസ്ഥാന ചലച്ചിത്രം അക്കാദമി ചെയർ‌മാൻ പദവിയിൽ നിന്ന് രഞ്‌ജിത്ത് പുറത്തേക്കെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സാംസ്‌കാരിക വകുപ്പിന് രഞ്ജിത്തിന്റെ രാജി സംബന്ധിച്ച നിർദ്ദേശം ലഭിച്ചതായാണ് സൂചന.

നിലവിൽ വയനാട്ടിലുള്ള രഞ്ജിത്തിന്റെ വാഹനത്തിൽ നിന്നും ചെയർമാന്റെ ഔദ്യോഗിക വിവരം സൂചിപ്പിക്കുന്ന ബോർഡ് എടുത്തുമാറ്റി. രഞ്‌ജിത്തിനെതിരെ വന്ന ആരോപണം സംസ്ഥാന സ‌ർക്കാരിന് മുകളിൽ വന്ന കടുത്ത സമ്മർദ്ദമായിരുന്നു. ഇതോടെ ഇടത് മുന്നണിയിലെ വനിതാ നേതാക്കളടക്കം രഞ്‌ജിത്ത് സ്ഥാനത്ത് നിന്നും മാറിനിൽക്കണമെന്ന തരത്തിൽ പ്രതികരണങ്ങൾ വന്നിരുന്നു. ഇതോടെ ആര് തെറ്റ് ചെയ്‌താലും സർക്കാർ സംരക്ഷിക്കില്ല എന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ആരോപണം തെളിഞ്ഞാൽ നടപടിയുണ്ടാകും എന്നും മന്ത്രി സൂചിപ്പിച്ചിരുന്നു.

രഞ്‌ജിത്തിനെ ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷ പദവിയിൽ നിന്ന് പുറത്താക്കണമെന്ന് ദേശീയ വനിതാകമ്മിഷൻ മുൻ അദ്ധ്യക്ഷ രേഖാ ശർമ്മ ആവശ്യപ്പെട്ടിരുന്നു. രഞ്‌ജിത്തിനെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും ഇതിനെതിരെ ശക്തമായ നടപടി അമ്മ എടുക്കണമെന്നും നടി ഉർവശി ആവശ്യപ്പെട്ടിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചുകൂട്ടി അമ്മ സംഘടന വിഷയം ഉടൻ ചർച്ച ചെയ്യണമെന്നും നടി വ്യക്തമാക്കി.