കൊളംബോ: ഒക്ടോബർ ഒന്ന് മുതൽ ശ്രീലങ്കയിലേക്ക് വിസയില്ലാതെ പോകാം. ഇന്ത്യ അടക്കം 35 രാജ്യങ്ങളിലെ പൗരന്മാർക്കാണ് രാജ്യം സന്ദർശിക്കാമെന്ന് ശ്രീലങ്കൻ അധികൃതർ അറിയിച്ചു. ആറ് മാസത്തേക്കാണ് ഈ ഇളവ്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലണ്ട്, യു.എസ്, ചൈന, ജർമ്മനി എന്നിവയുൾപ്പെടെ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ശ്രീലങ്ക വിസ രഹിത പ്രവേശനം അനുവദിക്കുന്നത്. വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട നൂലാമാലകളിൽ നിന്ന് രക്ഷപ്പെടാൻ ഇതുവഴി സാധിക്കും.
ഇതോടെ ടൂറിസം വർദ്ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. ഈ നീക്കം ശ്രീലങ്കയിലേക്കുള്ള യാത്ര ദ്വീപിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സന്ദർശക സംഘമായ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് കൂടുതൽ ആകർഷകവുമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രീലങ്കയുടെ മൊത്തം വിദേശ വിനോദ സഞ്ചാരികളിൽ 20 ശതമാനം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്.
കൂടുതൽ ഇന്ത്യൻ സന്ദർശകരെ ആകർഷിക്കാൻ ശ്രീലങ്ക നേരത്തെ തന്നെ നടപടികൾ സ്വീകരിച്ചിരുന്നു. ഇന്ത്യയിൽ നിന്നും മറ്റ് ആറു രാജ്യങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികൾക്കുള്ള വിസ ഫീസ് 2023 ഒക്ടോബറിൽ രാജ്യം ഒഴിവാക്കിയിരുന്നു. ഈ നയം 2024 മെയ് 31 വരെ നീട്ടുകയും ചെയ്തു. 2023-ൽ, ശ്രീലങ്കയിലേക്കുള്ള ഇന്ത്യ സഞ്ചാരികളുടെ എണ്ണം 246,000-ലധികം ആയിരുന്നു. പുതിയ വിസ രഹിത നയം കൂടുതൽ യാത്രക്കാരെ ആകർഷിക്കുമെന്നാണ് ശ്രീലങ്കൻ സർക്കാർ പ്രതീക്ഷിക്കുന്നത്.