usha-

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് താരസംഘടന അമ്മ നടത്തിയ വാർത്താസമ്മേളനത്തി ൽ ജോമോൾ നടത്തിയ പ്രസ്താവനയെ വിമർശിച്ച് നടി ഉഷ ഹസീന. അമ്മയുടെ വാർത്താ സമ്മേളനത്തിൽ സ്ത്രീകളുടെ പ്രതിനിധിയായി ഇരുന്ന കുട്ടിയുടെ സംസാരം കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നിയെന്ന് ഉഷ പറഞ്ഞു. വനിതകളെ പ്രതിനിധീകരിച്ച് വരുന്ന എക്സിക്യുട്ടീന് കമ്മിറ്റി അംഗങ്ങൾ സ്ത്രീകളുടെ പ്രശ്നങ്ങളിൽ സീരിയസായി സംസാരിക്കുകയും ഇടപെടുകയും വേണം. മുഖം നോക്കാതെ അഭിപ്രായം പറയുന്നവരെയും വേണം കമ്മിറ്റിയിൽ കൊണ്ടുവരേണ്ടതെന്നും ഉഷ വ്യക്തമാക്കി .

ആ കുട്ടിയുടെ അറിവില്ലായ്മയാകാം. അങ്ങനെ പറഞ്ഞത് തീരെ ശരിയായില്ല,​ ജസ്റ്റിസ് ഹേമ മാഡവും ശാരദ മാഡവും ഉൾപ്പെട്ട കമ്മിറ്റിയാണ് സിനിമാ മേഖലയിൽ ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായതെന്ന് പറഞ്ഞത്. എന്റെ മുറിയിൽ ആരും തട്ടിയില്ല എന്നു പറഞ്ഞത്,​ എനിക്കങ്ങനെ സംഭവിച്ചിട്ടില്ല,​ അതുകൊണ്ട്.... എന്ന വാക്കാണ് ഉൾക്കൊള്ളാൻ പറ്റാത്തത് . ഉഷ വ്യക്തമാക്കി.

എന്റെ റൂമിൽ വന്ന് തട്ടിയിട്ടല്ലല്ലോ ഞാൻ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വന്നു പറഞ്ഞത്. എന്റെ കൂടെ ജോലി ചെയ്തിരുന്ന പെൺകുട്ടികൾക്കുണ്ടായയ മോശം അനുഭവം പറയുകയാണ് ചെയ്തത്. മുൻകാലങ്ങളിലുണ്ടായത് പോലെ,​ കുറേ നാളു കഴിയുമ്പോൾ ഈ വിഷയവും പോകരുതെന്നുണ്ടെങ്കിൽ ,​ പെൺകുട്ടികൾക്ക് പരാതി നൽകാൻ ധൈര്യസമേതം മുന്നോട്ടുവരികയാണ് വേണ്ടതെന്നും ഉഷ ഓർമ്മിപ്പിച്ചു.