sreejesh

ശ്രീജേഷിനെ അപമാനിച്ചതായി ആരോപണം

തിരുവനന്തപുരം : ഇതിഹാസ ഹോക്കി താരവും രണ്ട് ഒളിമ്പികസ് മെഡലുകൾ സ്വന്തമാക്കിയ ഏക മലയാളിയുമായ പി.ആ‌ർ ശ്രീജേഷിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ നാളെ തിരുവനന്തപുരത്ത് നൽകാനിരുന്ന വിപുലമായ സ്വീകരണം മാറ്റിവച്ചത് കായികവകുപ്പ് ഇടങ്കോലിട്ടതുകൊണ്ടെന്ന് ആക്ഷേപം.മന്ത്രിമാർ തമ്മിലുള്ള തർക്കമാണ് സ്വീകരണം മാറ്റിയതിന് പിന്നിലെന്നാണ് റിപ്പോർട്ട്.

പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടർ ആയതിനാലാണ് ശ്രീജേഷിന് പൊതുവിദ്യാഭ്യാസ വകുപ്പ് തന്നെ സ്വീകരണം ഒരുക്കാൻ മുൻകൈ എടുത്തത്. തിരുവനന്തപുരം നഗരത്തിലാകമാനം ഫ്ലെക്സ് ബോർഡുകൾ ഉൾപ്പെടെ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ സ്വീകരണ പരിപാടിയുടെ കാര്യം തന്നെ അറിയിച്ചില്ലെന്ന് കായിക വകുപ്പ് മന്ത്രിക്ക് പരാതിയുണ്ടായിരുന്നു. ഇതിന്റെ നീരസം മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. സ്പോർട്സ് കൗൺസിന്റെ പരിശീലകരും താരങ്ങളും പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് നിർദ്ദേശം നൽകിയതായും അറിയുന്നു. ഇതിനെ തുടർന്നാണ് സ്വീകരണച്ചടങ്ങ് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. സംസ്ഥാന ഒളിമ്പിക്സ് അസോസിയേഷുമായി സഹകരിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത്.

പരിപാടിയിൽ പങ്കെടുക്കുന്നതിനായി ശ്രീജേഷ് ഇന്നലെ തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. പരിപാടി മാറ്റിവച്ചതിനാൽ ഇന്ന് നാട്ടിലേക്ക് മടങ്ങിയേക്കും.