siddique

കൊച്ചി: നടി​ രേവതി​​ സമ്പത്തിന്റെ ലൈംഗി​ക പീഡന ആരോപണത്തിന് പിന്നാലെ താരസംഘടനയായ അമ്മയുടെ​ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദിഖ് രാജിവച്ചു. ആരോപണത്തിൽ സ്വമേധയാ രാജിവയ്ക്കുകയാണെന്ന് സിദ്ദിഖ് അറിയിച്ചു. രാജിവയ്ക്കുന്നതായി അറിയിച്ച് അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന് ഇമെയിൽ സന്ദേശയമച്ചു. സിദ്ദിഖിനെതിരെ നിയമനടപടിയുണ്ടാവുമെന്നും സൂചനയുണ്ട്.

ഇന്നലെ ടെലി​വി​ഷൻ ചാനലുകൾക്ക് നൽകി​യ അഭി​മുഖങ്ങളി​ലാണ് മോഡൽ കൂടി​യായ രേവതി​​ ആരോപണങ്ങൾ ഉന്നയി​ച്ചത്. 2016ൽ മകൻ അഭി​നയി​ക്കുന്ന തമി​ഴ് സി​നി​മയി​ൽ അവസരം തരാമെന്ന് പറഞ്ഞ് തി​രുവനന്തപുരം മസ്കറ്റ് ഹോട്ടലി​ലെ മുറി​യി​ലേക്ക് വി​ളി​ച്ചുവരുത്തി​യായി​രുന്നു പീഡനം. അഡ്ജസ്റ്റ്മെന്റി​ന് തയ്യാറാണോ എന്ന്ചോദി​ച്ചു. എതി​ർത്തപ്പോൾ അടി​ക്കുകയും തൊഴി​ക്കുകയും ചെയ്തു. തുടർന്ന് ബലാത്കാരം ചെയ്തതായാണ് വെളി​പ്പെടുത്തൽ.

തന്നെക്കുറി​ച്ച് ആരോടു പറഞ്ഞാലും വി​ശ്വസി​ക്കി​ല്ലെന്നും സി​നി​മയി​ൽ അവസരം ഇല്ലാതാക്കുമെന്നും ഭീഷണി​പ്പെടുത്തി​. ഫേസ് ബുക്കി​ൽ 2019ൽ പീഡനവി​വരം വെളി​പ്പെടുത്തി​യപ്പോൾ സൈബർ ആക്രമണം നേരി​ട്ടു. പ്ളസ് ടു കഴി​ഞ്ഞ് മോഡലിംഗി​ൽ ശ്രദ്ധി​ക്കുമ്പോഴാണ് സി​ദ്ദി​ഖി​നെ പരി​ചയപ്പെട്ടത്.

നി​ള തി​യേറ്ററി​ൽ 'സുഖമായി​രി​ക്കട്ടേ" എന്ന സി​നി​മാ പ്രി​വ്യൂവി​ന് ക്ഷണി​ച്ചുവരുത്തി​യ ശേഷമാണ് മസ്കറ്റ് ഹോട്ടലി​ലെ മുറി​യി​ലേക്ക് കൂട്ടി​ക്കൊണ്ടുപോയത്. ക്രി​മി​നലാണ് ഇയാൾ. പലരോടും ഇക്കാര്യം പറഞ്ഞതി​ന് എന്റെ സി​നി​മാ സ്വപ്നങ്ങളെ ഇല്ലാതാക്കി​. ആരും എന്നെ വി​ശ്വസി​ച്ചി​ല്ല, ഒപ്പം നി​ന്നി​ല്ല. മാതാപി​താക്കളുടെ പി​ന്തുണയായി​രുന്നു ശക്തി​. ഇപ്പോഴും ആ ദുരനുഭവത്തി​ൽ നി​ന്ന് മുക്തയായി​ട്ടി​ല്ലെന്നും രേവതി​ പറഞ്ഞു.

ഒന്നരമാസം മുൻപാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നടൻ സിദ്ദിഖിനെ തിരഞ്ഞെടുത്തത്. ഇടവേള ബാബുവിന്റെ പിൻഗാമിയായിട്ടാണ് നടൻ എത്തിയത്. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞദിവസം 'അഭിനയമറിയാതെ' എന്ന് പേരിൽ സിദ്ദിഖിന്റെ ആത്മകഥ പ്രകാശനം ചെയ്തിരുന്നു.കൊച്ചിയിൽ വച്ചാണ് പ്രകാശനം ചെയ്തത്. ലിപി പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.