ഇരകൾക്കൊപ്പം നിൽക്കുമെന്ന് പറയുക; വേട്ടക്കാർക്കൊപ്പം ഓടുക!- മലയാള സിനിമയിലെ ലൈംഗിക അതിക്രമങ്ങളെ
സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള സർക്കാർ നിലപാട് ഇരട്ടത്താപ്പാണെന്ന ആക്ഷേപം മുറുകുന്നു.
പിന്നാലെ, റിപ്പോർട്ടിലെ പീഡന വിവരം മുക്കിയെന്ന വിവാദവും. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള ഇരകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും കേരളത്തിലെ സിനിമാ, സാംസ്കാരിക മേഖലകളിലാകെ തീ പടർത്തുന്നതിനിടെയാണ് സർക്കാരിന്റെ ഈ 'പുലിവാൽ പിടിത്തം."
ഇരകളെയും വേട്ടക്കാരെയും തിരിച്ചറിയാതിരിക്കാൻ ഹേമ കമ്മിറ്റിയും വിവരാവകാശ കമ്മിഷനും പരമാവധി വെട്ടലുകളും തിരുത്തലുകളും വരുത്തിയ ശേഷമാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സർക്കാർ റിപ്പോട്ട് പുറത്തുവിട്ടത്. അതിൽ നിന്ന് പീഡന വിവരങ്ങൾ സൂചിപ്പിക്കുന്ന 11 ഖണ്ഡികകൾ കൂടി സർക്കാർ വെട്ടിയെന്നാണ് ആക്ഷേപം. മറ്റൊരു മേഖലയിലും കാണാത്ത ലൈംഗിക ചൂഷണമാണ് മലയാള സിനിമയിൽ നടക്കുന്നതെന്നും, പീഡന വീരന്മാരെ ഭയന്ന് നടിമാർക്ക് ഷൂട്ടിംഗ് സെറ്റുകളിൽ മാതാപിതാക്കൾക്കൊപ്പം പോകേണ്ട അവസ്ഥയാണെന്നുമാണ് റിപ്പോർട്ടിൽ.
സിനിമയിൽ അവസരം തേടിയെത്തുന്ന സ്ത്രീകൾ 'കോംപ്രമൈസിനും അഡ്ജസ്റ്റ്മെന്റിനും" വഴങ്ങണം. നടൻ,
നിർമ്മാതാവ്, സംവിധായകൻ, പ്രൊഡക്ഷൻ കൺട്രോളർ തുടങ്ങി കാരവാനിലെയും മറ്റും ഡ്രൈവർമാർ
വരെ 'വില്ലന്മാരുടെ" പട്ടികയിലുണ്ടത്രെ. ലൈംഗിക താത്പര്യങ്ങൾക്ക് വഴങ്ങാൻ സ്ത്രീകൾ നിർബന്ധിതരാവുന്നതാണ് സംഭവം. 296 പേജുള്ള റിപ്പോർട്ടിലെ വ്യക്തിപരമായ ആരോപണങ്ങളുള്ള 61 പേജുകളും ഒട്ടറേ ഖണ്ഡികകളും ആദ്യം വെട്ടി. അതു പോരാതെയായിരുന്നു 11 ഖണ്ഡകകളിൽക്കൂടി സർക്കാരിന്റെ കടുംവെട്ട്. ഇത്രയും സ്ഫോടനാത്മകമായ അഗ്നി പർവതത്തിന് നീണ്ട നാലര വർഷക്കാലം സർക്കാർ അടയിരുന്നു. ഒടുവിൽ, ഹൈക്കോടതി ഇടപെടലിൽ ഗത്യന്തരമില്ലാതെ പുറത്തുവിട്ടതാകട്ടെ, തലയും വാലും മുറിച്ച നിലയിലും.
ചില നിർമാതാക്കളുടെയും സംവിധായകരുടെയും നടന്മാരുടെയും കൈപ്പിടിയിലാണ് മലയാള സിനിമയെന്നും, ഈ മാഫിയയെ നിയന്ത്രിക്കുന്നത് 10-15 പേരടങ്ങുന്ന പവർ ഗ്രൂപ്പാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവർക്കതിരെ പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ മലയാള സിനിമയിൽ നിന്നു മാത്രമല്ല, ടിവി സീരിയലുകളിൽ നിന്നുവരെ ഔട്ട്. പീഡനങ്ങൾക്കെതിരെ പ്രതികരിച്ചവർക്കും 'അമ്മ"യ്ക്കെതിരെ ഡബ്ലിയു.സി.സി എന്ന വനിതാ സംഘടന രൂപീകരിച്ചവർക്കും നേരിടേണ്ടിവന്ന വിലക്കുകൾ തന്നെ സാക്ഷ്യം. 'ഈ പവർ ഗ്രൂപ്പിനെയാണോ സർക്കാർ ഭയക്കുന്നത്? സിനിമയിലെ മാഫിയയെ തങ്ങൾ ഭയക്കുന്നത് മനസിലാക്കാം; സർക്കാർ എന്തിനാണ് ഭയക്കുന്നത്" എന്നാണ് ഒരു നടിയുടെ ചോദ്യം. കള്ളൽ കപ്പലിൽത്തന്നെ എന്ന് ഉത്തരം. പക്ഷേ, അധികനാൾ സർക്കാരിന് അവരെ പൊതിഞ്ഞു പിടിക്കാനാവില്ലെന്നും, 'വലിയ തലകൾ" ചിലതൊക്കെ ഉരുണ്ടുതുടങ്ങിയത് അതിനു തെളിവാണെന്നുമാണ് പ്രതിപക്ഷം പറയുന്നത്.
സത്യം എത്ര നാൾ പൂഴ്ത്തിവച്ചാലും ഒരു നാൾ പുറത്തുവരും. ഹേമ കമ്മിറ്റിയുടെ സമ്പൂർണ റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇരകളെ സംരക്ഷിക്കാനും പീഡകർക്കെതിരെ എന്ത് നടപടിയെടുക്കാനും കഴിയുമെന്ന് സർക്കാർ അറിയിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇണ്ടാസ്. റിപ്പോർട്ടിൽ പറയുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ഇതു വരെ ചെയ്തതെല്ലാം പാഴ്‌വേലയാകുമെന്ന ഹൈക്കോടതിയുടെ ആശങ്ക മലയാള സിനിമയിൽ പ്രതീക്ഷയുടെ വെള്ളിവെളിച്ചം പകരുമോ?
റിപ്പോർട്ടിൽ പറയുന്ന ലൈംഗിക അതിക്രമങ്ങൾ ഒറ്റപ്പെട്ട സംഭവവെന്ന് 'അമ്മ" ജനറൽ സെക്രട്ടറി സിദ്ദിഖ്. ഒറ്റപ്പെട്ട സംഭവമായാലും അന്വേഷിക്കണമെന്ന് വൈസ് പ്രസിഡന്റ് ജഗദീഷ്. പരാതി കിട്ടാതെ കേസെടുക്കാൻ വകുപ്പില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. പരാതിയില്ലെങ്കിലും സ്വമേധയാ കേസെടുക്കാൻ നിയമ തടസമില്ലെന്ന് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ. ചക്കളത്തി പോരാട്ടങ്ങൾക്കിടെ സിനിമാ കോൺക്ളേവ് എന്ന ഒറ്റമൂലി വഴി തടി തപ്പാനുള്ള മന്ത്രി സജി ചെറിയാന്റെ ശ്രമവും വിവാദത്തിൽ. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള ചർച്ചയാണോ കോൺക്ളേവ് എന്നാണ് ഒരു പ്രമുഖ 'വിമത" നടിയുടെ ചോദ്യം.
കരയിൽ പിടിച്ചിട്ട മീനിന്റെ അവസ്ഥയിലാണ് നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. ഉടനെ വെള്ളത്തിലിട്ടില്ലെങ്കിൽ
ശ്വാസംമുട്ടി കഥ കഴിയും. സിനിമയില്ലാത്ത ജീവിതത്തെപ്പറ്റി ചിന്തിക്കാനാവില്ലെന്നും, സിനിമയില്ലെങ്കിൽ താൻ ചത്തു പോകുമെന്നും സുരേഷ് ഗോപി. 'ഒറ്റക്കൊമ്പൻ" എന്ന പുതിയ സിനിമയിൽ അഭിനയിക്കാൻ അടുത്ത മാസം എത്തിച്ചേരുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. കഥ കേട്ട് അഭിനയിക്കാൻ ആർത്തി പൂണ്ട മറ്റ് 22 സിനിമകളിൽക്കൂടി അഭിനയിക്കാൻ കരാറായിട്ടുണ്ടത്രെ. അപ്പോൾ കേന്ദ്രത്തിലെ മന്ത്രിപ്പണിയോ?അതിനും അദ്ദേഹം വഴി കണ്ടിട്ടുണ്ട്.
'കക്ഷത്തിലിരിക്കുന്നത് കളയാതെ തന്നെ ഉത്തരത്തിലുള്ളത് എടുക്കാനുള്ള" സൂത്രവിദ്യയാണ് അത്. സിനിമാ ഷൂട്ടിംഗിന് ലൊക്കേഷനിലെത്തണം. അതേസമയം, ഫയലുകളിൽ ഒപ്പിടുന്നത് ഉൾപ്പെടെയുള്ള മന്ത്രിപ്പണി ലോകത്ത് എവിടെയിരുന്നും ചെയ്യാം! മന്ത്രിസഭാ യോഗത്തിലും ചർച്ചകളിലും ഓൺലൈനായി പങ്കെടുക്കാം. മന്ത്രിപ്പണി മുടങ്ങാതിരിക്കാൻ തന്റെ വകുപ്പുകളിലെ ഏതാനും ഉദ്യോഗസ്ഥരെയും സെക്യൂരിറ്റിക്കാരെയും ഷൂട്ടിംഗ് സ്ഥലങ്ങളിൽ ഒപ്പം കൂട്ടാനാണ് പുള്ളിക്കാരന്റെ ആലോചന. അങ്കവും കാണാം താളിയും ഒടിക്കാം!
അതു കൊണ്ട് വേറെയുമുണ്ട്, ഗുണം. സംവിധായകൻ അനുവദിച്ചാൽ അകമ്പടിപ്പടയിലെ ആർക്കെങ്കിലും ചിലപ്പോൾ ആ സിനിമയിൽ എന്തെങ്കിലും ചെറിയ റോൾ തരപ്പെട്ടേക്കും. ഷൂട്ടിംഗ് സെറ്റിൽ കേന്ദ്ര സെക്യൂരിറ്റിയുടെ സാന്നിദ്ധ്യം ഉറപ്പാവുകയും ചെയ്യും. വിശേഷിച്ച്, മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ വിവാദം കത്തിനിൽക്കുമ്പോൾ. രണ്ടാമത്തെ പരിശ്രമത്തിൽ തൃശൂരിനെ ഇങ്ങെടുത്ത സുരേഷ് ഗോപി എന്തായാലും സ്വന്തം ജനങ്ങളെ വിട്ടുകളയില്ലെന്ന് ഉറപ്പ്. മന്ത്രിയായതോടെ തൃശൂരിനെ സേവിക്കാൻ ശരിക്കും സമയം കിട്ടുന്നില്ലെന്നാണ് കക്ഷിയുടെ പരാതി
പക്ഷേ, ഒരേസമയം രണ്ടു വള്ളത്തിൽ കാൽ ചവിട്ടി വീഴാതെ നിൽക്കണമെങ്കിൽ കേന്ദ്രത്തിലെ വല്യേട്ടന്മാർ കനിയണം.
വിഷയം അവരിപ്പിച്ചപ്പോൾ എല്ലാം കേട്ടിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, താൻ 22 സിനിമകളിൽക്കൂടി അഭിയിക്കാൻ കരാർ ഒപ്പിട്ടെന്ന് അറിഞ്ഞപ്പോൾ, അതിന്റെ പേപ്പറുകളെല്ലാ ചുരുട്ടിക്കൂട്ടി ഒരു മൂലയ്ക്ക് എറിഞ്ഞെന്നാണ് നടൻ പറയുന്നത്. മൂപ്പർക്ക് സുരേഷ് ഗോപിയുടെ ഇരട്ടവേഷം തീരെ ഇഷ്ടപ്പെട്ടില്ലെന്ന് സാരം.
നേരത്തേ, മൂന്നാം മോദി മന്ത്രിസഭാ രൂപീകരണ വേളയിൽത്തന്നെ, മന്ത്രിസ്ഥാനത്തു നിന്ന് തന്നെ ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന നടന്റെ പ്രസ്താവന അല്പം എടങ്ങേറുണ്ടാക്കിയതാണ്. കേരളത്തിൽ നിന്ന് ആറ്റുനോറ്റിരുന്ന് കിട്ടിയ ഏക ലോക്‌സഭാ സീറ്റിലെ പ്രതിനിധിയെ മോദി മന്ത്രിയാക്കുകയായിരുന്നു. സിനിമയിലെ അഭിനയത്തിന്റെ പേരിൽ മന്ത്രിസ്ഥാനത്തു നിന്ന് ഒഴിവാക്കിയാൽ താൻ രക്ഷപ്പെട്ടെന്ന സുരേഷ് ഗോപിയുടെ കമന്റ് കേന്ദ്രത്തിലെ ചേട്ടൻജിമാരെ
ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് കേൾവി. സ്വന്തം നാവാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു!
നുറുങ്ങ്:
മന്ത്രി ഗണേശ്കുമാർ അന്തസുള്ള കുടുംബത്തിൽ പിറന്നവനെന്ന് കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശി. ശശി
കൂടപ്പിറപ്പാണെന്ന് ഗണേശ് കുമാർ!
ഒരു തൂവൽ പക്ഷികൾ.
(വിദുരരുടെ ഫോൺ: 99461 08221)