riyas

കൊച്ചി: നടൻ സിദ്ദിഖിനെതിരെ കൂടുതൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് യുവനടി രേവതി സമ്പത്ത്. സിദ്ദിഖ് കൊടും ക്രിമിനലാണെന്ന് പറഞ്ഞ രേവതി സിനിമയിൽ നിന്നും സിദ്ദിഖിനെ വിലക്കണം എന്നും ആവശ്യപ്പെട്ടു. തന്നോട് മാത്രമല്ല ഹോട്ടൽ ജീവനക്കാരോടും സിദ്ദിഖ് മോശമായി പെരുമാറി.

സിദ്ദിഖിന് പുറമേ നടൻ റിയാസ് ഖാനെതിരെയും രേവതി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. റിയാസ് ഖാൻ ഫോണിൽ വിളിച്ച് അശ്ളീലം പറഞ്ഞു. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ അറിയിക്കണമെന്നും റിയാസ് ഖാൻ ആവശ്യപ്പെട്ടതായി നടി വ്യക്തമാക്കി. സിദ്ദിഖിനെതിരെ കേസ് നൽകുന്നത് ആലോചിച്ച് മാത്രമാകുമെന്ന് പറഞ്ഞ നടി നീതി ലഭിക്കുമെന്ന് സർക്കാ‌ർ ഉറപ്പുനൽകിയാൽ കേസുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു. ഒരു പോരാട്ടത്തിനിറങ്ങിയാൽ ഒറ്റപ്പെട്ടു പോകരുത്. സിദ്ദിഖിനെതിരെ മുന്നോട്ട് പോയാൽ കരിയറിൽ തലവേദനയാകും. സിദ്ദിഖിനെതിരെ തെളിവുകൾ കൈയിലുണ്ട്. രേവതി സമ്പത്ത് പറഞ്ഞു.

കഴിഞ്ഞദിവസമാണ് മോഡലും നടിയുമായ രേവതി, സിദ്ദിഖിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. സിദ്ദിഖ് തന്നോട് മോശമായി പെരുമാറി എന്നും ചെറിയ പ്രായത്തിലായിരുന്നു ഇതെന്നുമായിരുന്നു വെളിപ്പെടുത്തൽ. 2016ൽ 21 വയസുള്ളപ്പോൾ മകൻ അഭിനയിക്കുന്ന തമിഴ് സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചു. എതിർത്തപ്പോൾ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടർന്ന് ബലാത്കാരം ചെയ്തതായാണ് വെളിപ്പെടുത്തൽ.

'തന്നെക്കുറിച്ച് ആരോടു പറഞ്ഞാലും വിശ്വസിക്കില്ലെന്നും സിനിമയിൽ അവസരം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ഫേസ്‌ബുക്കിൽ 2019ൽ പീഡനവിവരം വെളിപ്പെടുത്തിയപ്പോൾ സൈബർ ആക്രമണം നേരിട്ടു. പ്ളസ് ടു കഴിഞ്ഞ് മോഡലിംഗിൽ ശ്രദ്ധിക്കുമ്പോഴാണ് സിദ്ദിഖിനെ പരിചയപ്പെട്ടത്. മോളെ.. എന്ന് വിളിച്ചാണ് സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയില്ല. രേവതി സമ്പത്ത് പറഞ്ഞു.