-israel-attack

ടെൽ അവീവ്: പരസ്‌പരം പോർമുഖം തുറന്ന് ഇസ്രയേലും ലെബനനിലെ തീവ്രവാദി സംഘമായ ഹിസ്‌ബുള്ളയും. പ്രധാന ഇസ്രയേലി സൈനിക സൈറ്റുകൾ ലക്ഷ്യമിട്ട് 300ൽ അധികം കത്യുഷ റോക്കറ്റുകൾ വിക്ഷേപിച്ചതായി ഇറാൻ പിന്തുണയുള്ള ഹിസ്‌ബുള്ള പ്രസ്‌താവനയിൽ വ്യക്തമാക്കി.

ലെബനന്റെ ഭീഷണിക്ക് മറുപടിയായി ഇസ്രയേൽ സൈന്യം ആക്രമണം ആരംഭിച്ചിട്ടുണ്ട്. ഹിസ്ബുള്ളയുടെ തയ്യാറെടുപ്പുകൾ കണ്ടെത്തിയ ഇസ്രയേൽ സൈന്യം ഇന്ന് പുലർച്ചെയാണ് പ്രത്യാക്രമണങ്ങൾ പ്രഖ്യാപിച്ചത്. ഹിസ്‌ബുള്ളയെ നേരിടാൻ യുദ്ധവിമാനങ്ങൾ വിന്യസിച്ചതായി ഇസ്രയേൽ വ്യക്തമാക്കി. വടക്കൻ, മദ്ധ്യ- ഇസ്രയേലിനെ ലക്ഷ്യമിട്ട ദക്ഷിണ ലെബനനിലെ ആയിരക്കണക്കിന് ഹിസ്ബുള്ള റോക്കറ്റ് ലോഞ്ചറുകൾ തകർത്തതായും സൈന്യം അവകാശപ്പെടുന്നു.

കഴിഞ്ഞ മാസം ഇസ്രയേൽ ആക്രമണത്തിൽ സൈനിക കമാൻഡർ ഫുആദ് ഷുക്കർ കൊല്ലപ്പെട്ടതിൽ പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുള്ളയും ഇറാനും പ്രതിജ്ഞയെടുത്തതോടെയാണ് സംഘർഷം ശക്തമായത്. തങ്ങളുടെ കമാൻഡറിനെതിരായ ആക്രമണം നേരിട്ടുള്ള പ്രകോപനമാണെന്ന് വ്യക്തമാക്കിയ ഹിസ്‌ബുള്ള ഇസ്രയേലിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. മിലിട്ടറി ഓപ്പറേഷനുകൾ പൂർത്തിയാകാൻ സമയമെടുക്കുമെന്നും ഹിസ്‌ബുള്ള വ്യക്തമാക്കി.

ഹിസ്‌ബുള്ളയുടെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ കാബിനറ്റ് യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അടുത്ത 48 മണിക്കൂർ രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മുൻകരുതൽ നടപടിയെന്ന നിലയിൽ വിമാനങ്ങൾക്ക് കാലതാമസം നേരിടുമെന്നും വഴിതിരിച്ച് വിടുമെന്നും ഇസ്രായേലിലെ ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. ഹിസ്ബുള്ളയിൽ നിന്ന് വൻതോതിലുള്ള ആക്രമണങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ അടിയന്തര സേവനങ്ങളും സുരക്ഷയും രാജ്യത്ത് ഒരുക്കിയതായും അധികൃതർ വ്യക്തമാക്കി.