അലൈഡ് ഹെൽത്ത് ബിരുദ കോഴ്‌സുകളിലേക്ക് ആയുഷ് അഡ്‌മിഷൻസ് സെൻട്രൽ കൗൺസിലിംഗ് കമ്മിറ്റി (AACCC) 15 ശതമാനം അഖിലേന്ത്യ കോട്ടയിലേക്ക് പ്രവേശന നടപടികൾ ആഗസ്റ്റ് 28 ന് ആരംഭിക്കും. www.aaccc.gov.in വഴി രജിസ്‌ട്രേഷനും, ചോയ്സ് ഫില്ലിംഗും നടത്താം. ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി, യോഗ & നാച്ചുറോപ്പതി, സോവ റിഗ്പ കോഴ്‌സുകളിലേക്ക് പ്രവേശനം നീറ്റ് യു.ജി 2024 റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. ആദ്യ റൗണ്ട് കൗൺസലിംഗ് രജിസ്‌ട്രേഷൻ ആഗസ്റ്റ് 28 ന് ആരംഭിക്കും. താത്പര്യം വിലയിരുത്തി കോഴ്സുകൾക്ക് ഓപ്ഷൻ നൽകാം. ആഗസ്റ്റ് 29 മുതൽ സെപ്തംബർ രണ്ടു വരെ ചോയ്സ് ഫില്ലിംഗ് നടത്താം, സെപ്തംബർ അഞ്ചിന് ഫലം പ്രസിദ്ധീകരിക്കും. ആദ്യ റൗണ്ടിൽ പ്രവേശനം ലഭിച്ചവർ സെപ്തംബർ 6 -11 നകം കോളേജിൽ റിപ്പോർട്ട് ചെയ്യണം.രണ്ടാം റൗണ്ട് പ്രവേശന നടപടികൾ സെപ്തംബർ 18 മുതൽ 23 വരെയും, മൂന്നാം റൗണ്ട് ഒക്ടോബർ 9 മുതൽ 14 വരെയും നടക്കും. തുടർന്ന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌ട്രെ റൗണ്ടും നടക്കും.കേരളത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണറാണ് നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്നും അലോട്ട്മെന്റ് നടത്തുന്നത്.
*എം.സി.സി നീറ്റ് യു.ജി ആദ്യ റൗണ്ട് പ്രൊവിഷണൽ അലോട്ട്മെന്റിൽ മാറ്റങ്ങളുണ്ടാകും*
നീറ്റ് യു. ജി മെഡിക്കൽ ആദ്യ റൗണ്ട് പ്രൊവിഷണൽ റിസൾട്ടിൽ നേരിയ മാറ്റങ്ങളുണ്ടാകും. എം.ബി.ബി.എസ്, ബി.ഡി.എസ് കോസുകളിലേക്ക് തിരഞ്ഞെടുത്ത 26109 വിദ്യാർത്ഥികൾ ആദ്യ റൗണ്ട് ലിസ്റ്റിലുണ്ട്. റാങ്ക് ലിസ്റ്റിൽ വരുന്ന ചെറിയ മാറ്റങ്ങൾക്കനുസരിച്ച് 43 വിദ്യാർത്ഥികളെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയതിനാൽ പ്രൊവിഷണൽ അലോട്ട്മെന്റ് ലിസ്റ്റിൽ ചെറിയ വ്യത്യാസങ്ങളുണ്ടാകും.പുതുക്കിയ പ്രൊവിഷണൽ ലിസ്റ്റ്-2 വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇവ വിലയിരുത്തിയശേഷം മാത്രമേ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ കോളേജുകളിൽ ആഗസ്റ്റ് 29 നകം റിപ്പോർട്ട് ചെയ്യേണ്ടതുള്ളൂ എന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി www.mcc.nic.in സന്ദർശിക്കുക.
പ്രവേശനം ലഭിച്ച കോളേജുകളിൽ റിപ്പോർട്ട് ചെയ്യുമ്പോൾ അഡ്മിറ്റ് കാർഡ്, സ്കോർ കാർഡ്, 10,12 ക്ലാസ്സുകളിലെ ഒറിജിനൽ മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ്, ആധാർ അടക്കമുള്ള ഫോട്ടോ ഐ.ഡി കാർഡ്, കാറ്റഗറി സർട്ടിഫിക്കറ്റ്, മറ്റു സംവരണ സർട്ടിഫിക്കറ്റുകൾ , 4 കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കരുതിയിരിക്കണം.
പി.ജി ഡെന്റൽ: മൂന്നാം ഘട്ട അലോട്ട്മെന്റ്
തിരുവനന്തപുരം; സർക്കാർ,സ്വാശ്രയ ഡെന്റൽ കോളേജുകളിലെ ബിരുദാനന്തര ബിരുദ ഡെന്റൽ കോഴ്സുകളുടെ മൂന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 27 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ രേഖകൾ സഹിതം ഹാജരായി പ്രവേശനം നേടണം.
ആലപ്പുഴ മെഡി. കോളേജിന് രണ്ട് പിജി സീറ്റ്
തിരുവനന്തപുരം: ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജിൽ രണ്ട് പി.ജി സീറ്റുകൾക്ക് കേന്ദ്രം അനുമതി നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. രണ്ട് എം.ഡി സൈക്യാട്രി സീറ്റുകൾക്കാണ് നാഷണൽ മെഡിക്കൽ കമ്മിഷൻ അനുമതി നൽകിയത്. ഇതോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എംഡി സൈക്യാട്രിയിൽ മൂന്ന് സീറ്റുകളായി.