പത്തനംതിട്ട : കമ്പോഡിയയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേരെ റാന്നി പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ കൈപ്പറമ്പ് പുത്തൂർ കൊല്ലനൂർ വീട്ടിൽ കെ.എൽ.ലാലു (45), ഇടുക്കി കുമളി അമരാവതി അഞ്ചാം മൈൽ കുന്നത്ത്ചിറയിൽ വീട്ടിൽ കെ.എസ്.അബി (28) എന്നിവരാണ് പിടിയിലായത്. കംബോഡിയയിൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിൽ ടൈപ്പിംഗ് ജോലി വാഗ്ദാനം ചെയ്ത് പഴവങ്ങാടി മിനർവ്വപടി കുളമടയിൽ വീട്ടിൽ അഖിൽ പോൾ മാത്യുവിന്റെ 1,60,000 യാണ് തട്ടിയെടുത്തത്. കൂടാതെ രണ്ട് തവണകളായി അഖിൽ പോൾ മാത്യുവിന്റെ സഹോദരൻ അമലിൽ നിന്ന് 70000യും, അഖിലിന് തിരികെ നാട്ടിലേക്ക് വരുന്നതിന് 25000 രൂപ കമ്പനിയിൽ അടപ്പിച്ചും കബളിപ്പിച്ചു.
2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്ത് നിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിൽ എസ്.ഐ ആദർശ് , സി.പി.ഓ ഗോകുൽ കണ്ണൻ, സി.പി.ഒ സൂരജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.