arrest

കരുനാഗപ്പള്ളി: സാമ്പത്തിക തർക്കത്തിന്റെ പേരിൽ കുലശേഖരപുരം സ്വദേശികളായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ച പ്രതികൾ പിടിയിൽ. കടത്തൂർ മീനത്തേരിൽ രാഹുൽ (30), കുതിരപ്പന്തി അരുൺ നിവാസിൽ അരുൺ (31) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.

9ന് രാത്രി 11ന് അയൽവാസിയുടെ വീട്ടിൽ നിൽക്കുകയായിരുന്ന ദമ്പതികളെ പ്രതികൾ അസഭ്യം പറഞ്ഞ് കമ്പിവടിക്ക് ആക്രമിച്ചു. തടയാൻ ശ്രമിച്ച യുവതിയുടെ മാതാവിനെയും ആക്രമിച്ചു. പിന്നീട് സ്ഥലത്ത് നിന്ന് പോയ പ്രതികൾ അടുത്ത ദിവസം പുലർച്ചെ 2ന് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളെ വീണ്ടും ആക്രമിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി എ.സി.പി വി.എസ്.പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ വി.ബിജു, എസ്.ഐമാരായ ഷമീർ, ഷാജിമോൻ, എ.എസ്.ഐ ജയകൃഷ്ണൻ, എസ്.സി.പി.ഒമാരായ ഹാഷിം, അനിത എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.