അബുദാബി: കുട്ടികൾ നാളെ മുതൽ സ്‌കൂളുകളിലേക്ക് മടങ്ങിവരാൻ തുടങ്ങുകയാണ്. ഏതാണ്ട് ഒരു മില്യൺ കുട്ടികളാണ് യുഎഇയിലാകെ സ്‌കൂളുകളിലേക്ക് എത്തുന്നത്. ഈ സമയം സ്‌കൂളുകളിലും അതിനോട് ചേർന്നുള്ള റോഡുകളിലെയും പ്രധാന പ്രശ്‌നമാണ് ഗതാഗത സ്‌തംഭനം. കുട്ടികളെ സ്‌കൂളിലേക്ക് ഇറക്കുന്നതോ വിളിച്ചുകൊണ്ട് പോകുന്നതോ ആയ രക്ഷാകർത്താക്കളാണ് ഇതിന് പ്രധാന കാരണം.
പരമാവധി തിരക്ക് ഒഴിവാക്കാൻ ഒരു മിനുട്ട് മാത്രമേ ഒരു കാർ രക്ഷകർത്താക്കൾ നിർത്തുന്നുള്ളു എന്ന കാരണം പറഞ്ഞാലും പിന്നാലെ വരുന്ന കാറുകളോ വാഹനങ്ങളോ ഇത്തരത്തിൽ നിർത്തുമ്പോൾ അത് ഗതാഗത കുരുക്കിന് ഇടയാക്കും. പിന്നാലെ വരുന്ന വാഹനങ്ങളെ മതിയായ ശ്രദ്ധ നൽകാതെ ഇത്തരത്തിൽ സർവീസ് റോഡിലോ മറ്റ് ഭാഗങ്ങളിലോ നിർത്തുന്നത് യുഎഇയിലെ നിയമമനുസരിച്ച് പിഴശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു. ആയിരം ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. ഒപ്പം ഡ്രൈവിംഗ് ലൈസൻസിൽ ആറ് ബ്ളാക് പോയിന്റുകൾ കിട്ടുന്ന പ്രശ്‌നവുമാണ്.
കുട്ടികളെ പരമാവധി നേരത്തെ സ്‌കൂളിൽ എത്തിക്കുക എന്നതാണ് ട്രാഫിക് കുരുക്ക് ഉണ്ടാകാതിരിക്കാൻ ചെയ്യേണ്ടത്. കുട്ടികളുടെ പഠന സമയം വ്യത്യാസപ്പെടുത്തുന്നത് തിരക്ക് ഒഴിവാക്കാൻ നല്ലതാണെന്ന് വിദഗ്ദ്ധർ പറയുന്നു. ആളുകൾ കൂടുതൽ ജോലിക്ക് പോകുന്ന സമയത്ത് സ്‌കൂൾ സമയം ഒഴിവാക്കുക ആണ് പ്രധാനം.
സ്‌കൂൾ ബസുകളുടെ ഉപയോഗവും കാർ പൂളിംഗും പാലിക്കുന്നതും അനാവശ്യ തിരക്ക് സ്‌കൂൾ പരിസരത്ത് ഉണ്ടാകുന്നത് തടയും. സ്‌കൂൾ സമയത്തിന് 15-20 മിനുട്ടുകൾക്ക് മുൻപ് ബസ്, വാഹനം സ്‌കൂളിലെത്തുന്നതായി ഉറപ്പുവരുത്തുന്നതും ഓഫീസ് സമയത്തെ തിരക്ക് ഒഴിവാക്കാൻ സഹായിക്കും.