
ചന്ദ്രോദയത്തെത്തുടർന്ന് രോഹിണി വന്നെത്തുന്ന പുണ്യ മുഹൂർത്തമാണ് ശ്രീകൃഷ്ണാഷ്ടമി. മനുഷ്യ സമൂഹത്തിന്റെ ധാർമ്മിക ഉന്നതിക്കുവേണ്ടി അവതാരമെടുത്ത ശ്രീകൃഷ്ണന്റെ ജന്മദിനം. ഒരു യുഗാരംഭം. ദിവ്യാവതാരങ്ങൾ പലതാണെങ്കിലും ശ്രീകൃഷ്ണാവതാരം പൂർണാവതാരമാണ്. ശ്രീകൃഷ്ണ ജയന്തി മാനവശാന്തിക്കു വേണ്ടിയുള്ളതാണ്. ഭാദ്രപദ മാസത്തിൽ, വൃഷഭ രാശിയിൽ, അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണൻ അവതരിച്ചു. എക്കാലത്തും അഹംഭാവത്തിന്റെ പതനവും 'അഹംബോധ"ത്തിന്റെ സമുന്നതിയുമാണ് ശ്രീകൃഷ്ണാവതാരത്തിന്റെ സന്ദേശം.
ഭാരതത്തിൽ ഭഗവാൻ ശ്രീകൃഷ്ണനെ കേന്ദ്രീകരിച്ച് വിശിഷ്ടമായ "കൃഷ്ണഭക്തി സാഹിത്യം" തന്നെ രൂപപ്പെട്ടിട്ടുണ്ട്. എത്രയോ കാലം മുമ്പു മുതൽ മഹാഭാരതം, ഹരിവംശ പുരാണം, ശ്രീമദ് ഭാഗവതം, പുരാണങ്ങൾ, തമിഴിലെ ആഴ്വാർ കൃതികൾ എന്നിവയിലെല്ലാം ഓരോരോ തരത്തിൽ കൃഷ്ണലീലകൾ വർണിച്ചിട്ടുണ്ട്. ജയദേവ കവിയുടെ 'ഗീതഗോവിന്ദ"വും വിദ്യാപതിയുടെ പദാവലികളും ശ്രീകൃഷ്ണന്റെയും രാധയുടെയും ഭക്തി ശൃംഗാര രസപൂർണമായ വാങ്മയ സൗന്ദര്യങ്ങളാണ്.
ശ്രീകൃഷ്ണാഷ്ടമി ദിനം യഥാവിധിയുള്ള വ്രതധാരണാ ദിനമാണ്. അത് നമുക്ക് ശാന്തിയും ക്ഷേമവും പ്രദാനം ചെയ്യുന്നു. മനുഷ്യജീവിതത്തിൽ അടിഞ്ഞുകൂടുന്ന പാപഭാരങ്ങളുടെ പരിഹാരാർത്ഥം സകലവിധ സുഖഭോഗങ്ങളിൽ നിന്നും വേർപെട്ടു നിന്ന് ഈശ്വരപ്രീതിക്കായി ഭക്തർ പ്രാർത്ഥിക്കുന്നു. ഭൗതികാന്ധതയിൽ നിന്ന് ഹൃദയശുദ്ധിയുടെ ആദ്ധ്യാത്മിക പ്രചുരിമയിലേക്ക് നമ്മെ നയിക്കുന്ന പ്രചോദിത മുഹൂർത്തം. അതാണ് അഷ്ടമിയും രോഹിണിയും ചേർന്ന ഈ പുണ്യമുഹൂർത്തം.
'അങ്ങ് പരബ്രഹ്മവും പരമമായ ധർമ്മവും അതിപരിശുദ്ധമായ ഭഗവാനാകുന്നു. സകല ഋഷീശ്വരന്മാരും നിന്തിരുവടിയെ നിത്യനെന്നും പ്രകാശരൂപനെന്നും ദേവന്മാർക്കു കൂടി അതിരൂപനെന്നും അനന്യരഹിതനെന്നും, സർവവ്യാപിയെന്നും, ആദിപുരുഷനെന്നും വിശേഷിപ്പിക്കുന്നു. മാത്രമല്ല, ദേവർഷിയായ നാരദനും അസിതനും ദേവലനും വ്യാസനും പറഞ്ഞിട്ടുമുണ്ട്....."എന്നിങ്ങനെ അർജുനൻ ഭഗവാൻ ശ്രീകൃഷ്ണനോട് പറയുന്നതുതന്നെ നോക്കുക.
ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്നുള്ള ദർശനത്തിന് മൂവായിരം വർഷത്തെ പഴക്കമുണ്ട്. യവന സഞ്ചാരിയായ മെഗസ്തനീസിന്റെ കാലത്തുപോലും ഈ മഹനീയ സങ്കല്പത്തിന് പ്രചാരം ലഭിച്ചിരുന്നു . മെക്രീൻസിൻ എന്ന പാശ്ചാത്യ ചരിത്രകാരൻ ഈ അതിമനോഹര ആചരണത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. വിഖ്യാത ചരിത്ര ഗവേഷകനും ഈസ്റ്റ് ഇൻഡ്യാ കമ്പനി ഉദ്യോഗസ്ഥനുമായിരുന്ന ടോഡ് തന്റെ പ്രസിദ്ധമായ ചരിത്ര ഗ്രന്ഥത്തിലും ഈ ദൗത്യം ഭംഗ്യന്തരേണ നിർവഹിച്ചിരിക്കുന്നു.
ഹിന്ദിയിലെ സൂർദാസ്, നന്ദദാസ്, പരമാനന്ദ ദാസ്, മദനമോഹൻ, ഗദാധര ഭട്ട്, വിഷ്ണുദാസ് തുടങ്ങിയ കവികളെല്ലാം കണ്ണന്റെ കാരുണ്യ കമനീയതയെപ്പറ്റി വർണിച്ചു രസിച്ചിട്ടുണ്ട്.സൂര്യമണ്ഡലത്തിന് അലങ്കാരമായിരിക്കുന്നവനും സംസാരദുഃഖത്തെ നശിപ്പിക്കുന്നവനും മുനിമാരുടെ മനസിൽ ഹംസമായി കുടികൊള്ളുന്നവനുമെന്നാ
ഭക്തിപ്രസ്ഥാനത്തിന്റെ പ്രയോക്താക്കളായ ചൈതന്യ മഹാപ്രഭു ഗോവിന്ദ ദാസ്, ജ്ഞാനദാസ്, കേതകദാസ് തുടങ്ങിയ ബംഗാളി കവികൾ എഴുതിയിട്ടുള്ള കാവ്യങ്ങളെല്ലാം ശ്രീകൃഷ്ണനെ ആരാധിച്ചുകൊണ്ടും ഹൃദയപൂർവം പ്രകീർത്തിച്ചുകൊണ്ടും ഉള്ളതാണ്. വേദ വേദാന്ത സത്യങ്ങളുടെ മൂർത്തിമദ്ഭാവമായ ശ്രീകൃഷ്ണന്റെ ജീവിത ലീലകളെ ഭക്ത്യാമൃതപൂർണമാക്കുന്ന ശ്രീകൃഷ്ണ കഥ അയ്യായിരത്തിലേറെ വർഷങ്ങൾക്കു ശേഷവും ലോകമെങ്ങും ആഘോഷിക്കപ്പെടണമെങ്കിൽ അതിന്റെ ആദ്ധ്യാത്മിക ശക്തിയും ഹൃദയാർദ്രപൂർണമായ സ്വാധീനശേഷിയും കാരുണ്യപൂർണമായ സ്പർശവും സവിശേഷം തന്നെ.
പൂതനയുടെയും തൃണാവർത്തന്റെയും അന്ത്യം കുറിച്ച ശിശുവിനെ കാണാനെത്തിയ യാദവ ഗുരുവായ ഗർഗൻ എന്ന മഹർഷി ആ അത്ഭുത ശിശുവിനെക്കണ്ട് ധ്യാനനിരതനാവുകയും, ശിശുവിന്റെ പൂർവ, വർത്തമാന, ഭാവികാര്യങ്ങൾ യശോദയ്ക്കും നന്ദഗോപർക്കും വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നു. ശിശുവിന് 'സർവം കരോതി" എന്ന് അർത്ഥം വരുന്ന (എല്ലാം സാധിച്ചു തരുന്ന, എല്ലാ ആസുരതകളെയും നിഗ്രഹിക്കുന്ന) 'കൃഷ്ണൻ" എന്ന് നാമകരണം ചെയ്തു. ബ്രഹ്മ വൈവർത്ത പുരാണമനുസരിച്ച് വിശ്വചൈതന്യമാണ് ശ്രീകൃഷ്ണൻ.
ഉപാസനയുടെ മറ്റൊരു ഭാവമാണ് ദാസ്യവൃത്തി. ഭഗവാനു മുന്നിൽ ഹൃദയാനുബദ്ധമായ ദാസ്യഭാവേന ആരാധിക്കുന്നവർക്ക് ദാസനാണ് കൃഷ്ണൻ. കൃഷ്ണ എന്ന പദത്തിലെ 'കൃ" ബ്രഹ്‌മാവിൽ നിന്നും 'ഷ" പരമശിവനിൽ നിന്നുമുള്ളതാണ്. 'ണ" ധർമ്മസ്വരൂപത്തെ സൂചിപ്പിക്കുന്നു. 'അ" എന്നതാകട്ടെ 'സ്മേദദീപ"ത്തിൽ വസിക്കുന്ന മഹാവിഷ്ണുവിനെ സൂചിപ്പിക്കുന്നു . നിത്യനിർവൃതിയുടെ സന്ദേശമാണ് 'കൃഷ്ണ" എന്ന പദം. കൃഷ്ണ പദത്തിന്റെ നിരന്തരമായ ആവർത്തനംകൊണ്ട് ജനന, മരണങ്ങളിൽനിന്ന് മോക്ഷഗതി ഭവിക്കുന്നു.
പ്രപഞ്ചത്തിന്റെ സമാധാനം നിലനിറുത്തുന്നതിനു വേണ്ടി കൈക്കൊണ്ട അവതാരമാണ് ശ്രീകൃഷ്ണാവതാരം. കംസന്റെ കാരാഗൃഹത്തിൽ നിന്ന് വസുദേവർ യമുനാനദി കടന്ന് യശോദയെ ഏല്പിക്കുകയും യാദവകുല നാഥനായി, ഗോവർദ്ധന ഗിരിധാരിയായി, അമ്പാടിക്കണ്ണനായി, യമുനാതീരവിഹാ
ജീവിതത്തിലെ അപചയങ്ങളെ ധാർമ്മികമായി നേരിടുവാനും, തനതായ ആത്മസത്തയെ അഹന്തകൊണ്ട് നശിപ്പിക്കാതിരിക്കുവാനും , ആപത്തിൽപ്പെട്ട് ഉഴലുന്ന ലോകജനതയ്ക്ക് ഉറ്റ ബന്ധുവായി നിൽക്കുവാനും ശ്രീകൃഷ്ണാവതാരം നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ, ശ്രീകൃഷ്ണകഥ കാലാതിവർത്തിയായ തത്വോപദേശ വാഹിനിയായി ദശാകാല പരിധികളില്ലാതെ പ്രകീർത്തിക്കപ്പെടുന്നു. ശ്രീകൃഷ്ണ ജയന്തി ദിനം വർത്തമാനകാല സമൂഹത്തിലെ അനുഗ്രഹ പൂർണമായ അദ്ധ്യായങ്ങൾക്ക് അഭംഗുരപ്രകാശം പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കാം.