pic

ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ് മൊസാദ് ആസ്ഥാനത്തിന് നേരെ നടത്താൻ പദ്ധതിയിട്ട ആക്രമണം തകർത്ത് ഇസ്രയേൽ. തെക്കൻ ലെബനനിൽ ഇന്നലെ പുലർച്ചെ മുൻകൂട്ടി വ്യോമാക്രമണം നടത്തിയായിരുന്നു ഇസ്രയേലിന്റെ നീക്കം.മദ്ധ്യ ഇസ്രയേലിലെ ഹെർസ്‌ലിയ നഗരത്തിലെ ഗ്ലിലോത്ത് ബേസിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണം നടത്താനായിരുന്നു ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയുടെ പദ്ധതിയെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ സൈന്യത്തിന്റെ വിവിധ ഇന്റലിജൻസ് യൂണിറ്റുകളും രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ആസ്ഥാനവും ഇവിടെയാണ്.

ഇന്നലെ പ്രാദേശിക സമയം രാവിലെ അഞ്ചിന് ആക്രമിക്കാനായിരുന്നു ശ്രമമെന്ന് കരുതുന്നു. ഹിസ്ബുള്ളയുടെ ഉന്നത കമാൻഡ‌ർ ഫൗദ് ഷുക്റിനെ ഇസ്രയേൽ ജൂലായിൽ വധിച്ചതിന് പ്രകാരമായിരുന്നു ലക്ഷ്യം. എന്നാൽ ഇതിന് മുന്നേ നൂറുകണക്കിന് ഇസ്രയേലി യുദ്ധ വിമാനങ്ങൾ ലെബനനിലെ 40ലേറെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ബോംബിട്ടു. മൂന്ന് പേർ കൊല്ലപ്പെട്ടു. റോക്കറ്റ് ലോഞ്ചറുകളും ആയുധ സംഭരണശാലകളും തകർത്തു.ഒക്ടോബറിൽ ഗാസ യുദ്ധം ആരംഭിച്ചത് മുതൽ ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള വടക്കൻ ഇസ്രയേലിന് നേരെ വ്യോമാക്രമണങ്ങൾ നടത്തുന്നുണ്ട്. എന്നാൽ, ലെബനനിൽ ഇസ്രയേൽ നടത്തിയ വിനാശകരമായ തിരിച്ചടിയായിരുന്നു ഇന്നലത്തേത്. ആക്രമണത്തിന് തൊട്ടുമുമ്പേ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് തെക്കൻ ലെബനനിലെ ജനങ്ങൾക്ക് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് യു.എസ് രംഗത്തെത്തി.

 റോക്കറ്റ് വർഷം

ആക്രമണത്തിന്റെ മറുപടിയായി വടക്കൻ ഇസ്രയേലിനെ ലക്ഷ്യമാക്കി 320 റോക്കറ്റുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഹിസ്ബുള്ള അറിയിച്ചു. ഇതിൽ ഭൂരിപക്ഷവും ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു. ആളപായമില്ല.കൂടുതൽ ആക്രമണങ്ങൾ വരും ദിവസങ്ങളിൽ തുടരും. ഇന്നലെ രാവിലെ 6 മുതൽ 48 മണിക്കൂർ നേരത്തേക്ക് ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തെക്കൻ ഗോലാൻ, ഹൈഫാ ബേ, ഷാരോൺ തുടങ്ങിയ ചില മേഖലകളിൽ ഇന്നലെ വൈകിട്ട് നിയന്ത്രണങ്ങൾ നീക്കി. ലെബനൻ അതിർത്തിയിൽ ജാഗ്രത തുടരും.

 തങ്ങളെ ആക്രമിക്കാൻ ശ്രമിക്കുന്ന ആരെയും വെറുതേവിടില്ല.

- ബെഞ്ചമിൻ നെതന്യാഹു, ഇസ്രയേൽ പ്രധാനമന്ത്രി

 മരണം 40,400

24 മണിക്കൂറിനിടെ 71 പേർ കൊല്ലപ്പെട്ടതോടെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 40,400 കടന്നു. ഇതിനിടെ, യു.എസിന്റെ നേതൃത്വത്തിൽ വെടിനിറുത്തൽ ചർച്ചകൾ ഈജിപ്‌റ്റിലെ കയ്റോയിൽ പുനരാരംഭിച്ചു.