ന്യൂഡല്‍ഹി: സ്വന്തമായി 200ല്‍ അധികം വിമാനങ്ങള്‍ എന്ന നേട്ടത്തിലേക്ക് അടുക്കുകയാണ് എയര്‍ ഇന്ത്യ. വിസ്താരയുമായുള്ള ലയന നടപടികള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. ലയനം പൂര്‍ത്തിയാകുമ്പോള്‍ എയര്‍ ഇന്ത്യയുടെ കൈവശമുള്ള ആകെ വിമാനങ്ങളുടെ എണ്ണം 211 ആയി ഉയരും. വിദേശത്തേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളില്‍ ഏറ്റവും വലുത് എന്ന റെക്കോഡും എയര്‍ ഇന്ത്യയുടെ പേരിലാകും. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് നിലവില്‍ 49 ശതമാനം ഓഹരികളാണ് വിസ്താരയിലുള്ളത്.
എയര്‍ ഇന്ത്യ - വിസ്താര ലയനം പൂര്‍ത്തിയാകുന്നതോടെ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഓഹരി 25 സതമാനമാകും. എയര്‍ ഇന്ത്യയുടേത് 74.9 ആയിരിക്കും. എയര്‍ ഇന്ത്യയില്‍ 2059 കോടി രൂപയുടെ വിദേശ നിക്ഷേപവും സിംഗപ്പൂര്‍ കമ്പനി നടത്തും. ഇതിനുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതി വൈകാതെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എയര്‍ ഇന്ത്യയുടെ ഓഹരികളില്‍ ടാറ്റ ഗ്രൂപ്പിനായിരിക്കും അവകാശം. ഈ വര്‍ഷം ഡിസംബര്‍ 20ന് മുമ്പ് തന്നെ ലയനം പൂര്‍ത്തിയാകുമെന്നാണ് വിവരം.
വിദേശ നിക്ഷേപത്തിനുള്ള അനുമതിക്ക് ശേഷം എയര്‍ ഇന്ത്യ - വിസ്താര ലയനത്തിന്റെ സമയക്രമം കമ്പനി യാത്രക്കാരെ അറിയിക്കുമെന്നാണ് വിവരം. ലയനം പൂര്‍ത്തിയായതിനു ശേഷമുളള തീയതികളില്‍ വിസ്താര ഫ്‌ളൈറ്റുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് വിമാനത്തിലും സമയത്തിലും ഉണ്ടാകുന്ന മാറ്റം സംബന്ധിച്ച് എയര്‍ഇന്ത്യ അറിയിപ്പ് നല്‍കും. അതേസമയം ലയനത്തിന് ശേഷം സ്വീകരിക്കേണ്ട നടപടികള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം. 18,000 കോടി രൂപയ്ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് 2021 ഒക്ടോബറിലാണ് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്.