highway
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ദേശീയപാത നിര്‍മാണത്തില്‍ ഇപ്പോഴുപയോഗിക്കുന്ന ബിറ്റുമിന്‍ മിശ്രിതത്തിന് പകരം വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യ പരീക്ഷിക്കാനുള്ള സാദ്ധ്യത തേടി നാഷണല്‍ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI). ബിറ്റുമിന്‍ മിശ്രിതത്തേക്കാള്‍ ഗുണമേന്‍മയുള്ളതും ഈട് നില്‍ക്കുന്നതുമായ വൈറ്റ് ടോപ്പിംഗ് ടാര്‍ സ്ഥിരമായി ഇളകുന്ന ഭാഗങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതുമാണ് ഇത് തിരഞ്ഞെടുക്കാനുള്ള പ്രധാനപ്പെട്ട കാരണം.

വൈറ്റ് ടോപ്പിംഗിന്റെ പ്രത്യേകയെന്തെന്നാല്‍ ടാര്‍ മിശ്രിതത്തിന് പകരം സിമന്റ് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്യാം എന്നതാണ്. ഒന്ന് മുതല്‍ ഒന്നേകാല്‍ മീറ്റര്‍ സമചതുര ബ്ലോക്കുകളായി നിര്‍മിക്കുന്നുവെന്നതിനാല്‍ തന്നെ ഒരു വൈറ്റ് ടോപ്പിംഗ് ബ്ലോക്കിനുണ്ടാകുന്ന അറ്റകുറ്റപ്പണി മറ്റൊരു ബ്ലോക്കിനെ ബാധിക്കില്ലെന്നതാണ്. അതേസമയം, ചുരുങ്ങിയത് അടുത്ത 15 മുതല്‍ 20 വര്‍ഷം വരെ വീതി കൂട്ടി വികസിപ്പിക്കാന്‍ സാദ്ധ്യതയില്ലാത്ത ദേശീയപാതകളിലാകും വൈറ്റ് ടോപ്പിംഗ് ചെയ്യുക.

പുതിയ ബൈപാസ് വരുന്നതോടെ ദേശീയപാതയില്‍ നിന്നു തരംതാഴ്ത്തി മറ്റ് ഏജന്‍സികള്‍ക്കു കൈമാറുന്ന റോഡുകളിലും ദേശീയപാത അതോറിറ്റിയുടെ അവസാനഘട്ട അറ്റകുറ്റപ്പണിയായി വൈറ്റ് ടോപ്പിങ് ചെയ്യും. ദേശീയപാതകളില്‍ ടോള്‍ ബൂത്തുകള്‍ക്കു സമീപമാണ് വൈറ്റ് ടോപ്പിങ്ങും അതിനു സമാനമായ കോണ്‍ക്രീറ്റ് റോഡും നിര്‍മിച്ചിട്ടുള്ളത്. നിരവധി ഗുണങ്ങളാണ് റോഡിനും വാഹനങ്ങള്‍ക്കും ഒപ്പം അപകടങ്ങളുടെ തോത് കുറയ്ക്കുന്നതിനും വൈറ്റ് ടോപ്പിംഗ് സംവിധാനത്തിനുള്ളത്.

റോഡിന്റെ ആയുസ് വര്‍ദ്ധിക്കുമെന്നതാണ് ഇതില്‍ ഏറ്റവും ഗുണകരമായ നേട്ടം. 25 വര്‍ഷം മുതല്‍ 30 വര്‍ഷം വരെ റോഡിന് ആയുസുണ്ടാകും. കേരളം പോലെ സ്ഥിരമായി മഴ പെയ്യുന്ന സംസ്ഥാനത്ത് വെള്ളക്കെട്ടും ഒഴുക്കും സ്വാഭാവികവും സ്ഥിരവുമാണ്. ഈ സാഹചര്യങ്ങളിലും റോഡിന് കേടുപാട് സംഭവിക്കില്ല. കടുത്ത നിറമല്ലാത്തതിനാല്‍ തന്നെ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട കാഴ്ച ലഭിക്കുകയും ഒപ്പം വാഹനങ്ങളുടെ ഇന്ധന ക്ഷമത വര്‍ദ്ധിക്കുമെന്നതും സാധാരണക്കാര്‍ക്ക് നേട്ടമുണ്ടാക്കുന്ന കാര്യങ്ങളാണ്.