tovino-thomas
ടൊവിനോ തോമസ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്ന് ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ ഉണ്ടായ വെളിപ്പെടുത്തലുകളിലും പൊലീസ് നടത്തുന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും ജോലി സ്ഥലങ്ങളില്‍ എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ടൊവിനോ പറഞ്ഞു. കുറ്റാരോപിതരായ ആളുകള്‍ മാറി നില്‍ക്കുന്നത് അന്വേഷണത്തിന് ആവശ്യമായ കാര്യമാണെന്നും പൊലീസ് വിളിച്ചാല്‍ ഇനിയും മൊഴി നല്‍കാന്‍ തയ്യാറാണെന്നും താരം പറഞ്ഞു.

സിനിമാ മേഖലയില്‍ മാത്രമല്ല എല്ലാ സ്ഥലത്തും എല്ലാവരും സുരക്ഷിതരായിരിക്കണം. നിലവിലുള്ള നിയമ സംവിധാനത്തില്‍ വിശ്വസിച്ചു മുന്നോട്ട് പോകുകയാണ്. ആള്‍ക്കൂട്ട വിചാരണയല്ല നിയമത്തിന്റെ വഴിക്ക് എല്ലാം നടക്കണമെന്നും അദ്ദേഹം പറഞ്ഞു. ജോലി ചെയ്യുന്ന സ്ഥലത്ത് സ്ത്രീയും പുരുഷനും ഒരുപോലെ സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കവെ അഭിപ്രായപ്പെട്ടു.

നാല് വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴംഗ അന്വേഷണ സംഘത്തെയാണ് കേസിന്റെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നടന്‍ സിദ്ദിഖ്, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്.

ഐജി സ്പര്‍ജന്‍ കുമാര്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ ഡിഐജി എസ് അജിത ബീഗം, എഐജി ജി. പൂങ്കുഴലി, എസ്.പി മെറിന്‍ ജോസഫ്, ഐശ്വര്യ ഡോങ്ക്രെ എന്നിവരും മധുസൂദനന്‍, വി അജിത് എന്നിവരും ഉള്‍പ്പെടുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കില്ല മറിച്ച് ആരോപണം ഉന്നയിച്ചവര്‍ക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കാം. പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ കേസെടുക്കും. സിനിമ മേഖലയിലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് ആര്‍ക്ക് പരാതിയുണ്ടെങ്കിലും അന്വേഷണസംഘത്തെ സമീപിക്കാം.